chavakkad-taluk-hospital-
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തൈറോയ്ഡ് പരിശോധനാ സംവിധാനം കെ.വി. അബ്ദുൽഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ തൈറോയ്ഡ് പരിശോധനാ സംവിധാനം നിലവിൽ വന്നു. കെ.വി. അബ്ദുൽഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എ. മഹേന്ദ്രൻ, കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. ശ്രീജ എന്നിവർ പങ്കെടുത്തു.

എട്ടു ലക്ഷം നഗരസഭാ ഫണ്ടിൽ നിന്നും വിനിയോഗിച്ചാണ് തൈറോയ്ഡ് പരിശോധന തുടങ്ങിയത്. താലൂക്ക് ആശുപത്രിയിൽ മൂന്നര കോടി രൂപ ചെലവിൽ രണ്ടു പുതിയ കെട്ടിടങ്ങൾ നിർമ്മാണത്തിന്റെ മിനുക്ക് പണികളിലാണ്. കുട്ടികളുടെ വാർഡും മറ്റു ചികിത്സാ സൗകര്യങ്ങളും ഇതിലുണ്ടാകും. ഐ.സി.യു സജ്ജീകരണം പൂർത്തിയായി. നാലു ബെഡുകളാണ് ഇതിലുണ്ടാവുക. വെന്റിലേറ്ററും ലഭ്യമായിട്ടുണ്ട്.

കൊവിഡ് വ്യാപനമുണ്ടായാൽ രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരീക്ഷണ വാർഡും, പ്രത്യേക മുറികളും ഒരുക്കി കഴിഞ്ഞു. താലൂക്ക് ആശുപത്രിയിൽ വിഴുപ്പുകൾ അലക്കുന്നതിന് ഓട്ടോമാറ്റിക്ക് മെഷീനും, ഡ്രൈയറും ലഭ്യമാക്കിയിട്ടുണ്ട്. രക്തം കലർന്ന ബെഡ്ഷീറ്റുകൾ ഉൾപ്പെടെ ഏറ്റവും ആധുനിക സംവിധാനത്തോടെ നശീകരണം നടത്താൻ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. ശ്രീജ അറിയിച്ചു.