vrisha-thai-nadal
കയ്പമംഗലം മണ്ഡലത്തിൽ അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വൃക്ഷത്തൈ ' എന്ന പദ്ധതിയുടെ ഭാഗമായി ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ വൃക്ഷത്തൈ നടുന്നു

കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന 'അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വൃക്ഷത്തൈ ' എന്ന പദ്ധതി പൂർത്തീകരണത്തിലേക്ക്. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റും, ഔഷധി തൃശൂർ, മണ്ഡലത്തിലെ കാർഷികമേഖലയെ ശക്തിപ്പെടുത്താൻ രൂപീകരിച്ച മതിലകം അഗ്രോസർവീസ് സെന്ററും, നാട്ടിലെ വിവിധ സന്നദ്ധ പ്രവർത്തകരുമാണ് ആവശ്യമായ ഫലവൃക്ഷത്തൈകൾ നൽകിയത്.

അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ നിശ്ചയിച്ച പദ്ധതി നാല് വർഷം കൊണ്ട് പൂർത്തീകരണത്തിലേക്ക് എത്തുന്നത് എല്ലാവരുടെയും ഭാഗത്ത് നിന്നുള്ള കൂട്ടായ പ്രവർത്തനത്തിലൂടെയാണെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു. പൂർണ്ണമായും പ്ലാസ്റ്റിക്ക് ബാഗ് ഒഴിവാക്കി ജൈവ ഉത്പന്നമായ ചകിരി കൊണ്ട് നിർമ്മിച്ച ഗ്ലാസുകളിലായി മുളപ്പിച്ച കശുമാവ്, മാവ്, പേര, ചാമ്പ, മാതളം തുടങ്ങി 8000 ഓളം ഫലവൃക്ഷത്തൈകൾ എം.എൽ.എ യുടെ ആവശ്യപ്രകാരം ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് എടവിലങ്ങ് പഞ്ചായത്തിലെ വേടിത്തോടിന്റെയും, പെരുംതോട് വലിയതോടിന്റേയും ഇരുകരകളിലും നട്ടുപ്പിടിപ്പിക്കാനായി വിതരണം ചെയ്തിരുന്നു. തുടർന്ന് വാർഡ് പതിനൊന്നിൽ നടന്ന വൃക്ഷത്തൈ നടീൽ ചടങ്ങ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.പി ആദർശ് അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ഫോറസ്റ്റ് ഓഫീസർ സുമു സ്‌കറിയ, വാർഡ് മെമ്പർ സുമാവത്സൻ എന്നിവർ സംസാരിച്ചു. മറ്റുജനപ്രതിനിധികൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവരെ പ്രതിനിധീകരിച്ച് ഒരോരുത്തരും വൃക്ഷത്തൈ നടലിൽ പങ്ക് ചേർന്നു.