പുതുക്കാട് : കൊവിഡ് ചട്ടം മറികടന്ന് ക്‌ളാസ് ആരംഭിച്ച സെന്റ് ആന്റണീസ് ഹൈസ്‌കൂളിന്റെ നീക്കം വിവാദത്തിൽ. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതലാണ് ക്ലാസ് ആരംഭിച്ചത്. ഓരോ ഡിവിഷനിൽ നിന്നും അഞ്ചു പേരെ വീതം ഉൾപ്പെടുത്തി ഇരുപത് വിദ്യാർത്ഥികൾക്കാണ് ക്ലാസ്. അടുത്ത ദിവസം ഇതേ രീതിയിൽ മറ്റ് അഞ്ചുപേരെ വീതം ഉൾപ്പെടുത്തി ഇരുപത് വിദ്യാർത്ഥികളെ പഠിപ്പിക്കും.
അഞ്ച് പേരെ വീതം ഉൾപ്പെടുത്തി ഗ്രൂപ്പുകളാക്കിയാണ് അദ്ധ്യാപകരെയും ചുമതലപ്പെടുത്തിയത്. രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് അദ്ധ്യയനം. കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തി നിൽക്കുമ്പോഴാണ് സ്‌കൂൾ അധികൃതരുടെ ഈ നീക്കം. അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരുടെ കാർക്കശ്യത്തിന് വഴങ്ങി വരികയായിരുന്നു. ഇതിനിടെ ഇന്നലെ രക്ഷിതാക്കളിൽ ചിലർ ജില്ലാ മെഡിക്കൽ ഓഫീസിൽ പഠനം തുടങ്ങിയ കാര്യം വിളിച്ചറിയിച്ചു. മെഡിക്കൽ ഓഫീസിൽ നിന്നും നിജസ്ഥിതി അറിയാനായി സ്‌കൂളിലേക്ക് ഫോൺ ചെയ്തു കാര്യങ്ങൾ തിരക്കി. ഇതിനിടെ ബന്ധപെട്ട ആശാ വർക്കറെ ഫോൺ ചെയ്ത ഒരു രക്ഷിതാവ് സ്‌കൂളിൽ കൊവിഡ് രോഗി ഉണ്ടെന്നറിയിച്ചു. കാര്യം അന്വേഷിക്കാൻ ഹെൽത്ത് വർക്കറും എത്തി. ഇതിനിടെ രംഗം പന്തിയല്ലെന്ന് കണ്ട പ്രധാന അദ്ധ്യാപിക ക്ലാസ് അവസാനിപ്പിച്ച് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സൂളിൽ നിന്നും പറഞ്ഞുവിടുകയായിരുന്നു. പിന്നാലെയാണ് പൊലീസ് എത്തിയത്. ക്ലാസ് നടത്തിയില്ലെന്നും, പഠിക്കാൻ വളരെ പിറകിലായ നാലു വിദ്യാർത്ഥികൾക്ക് ചില വിഷയത്തിൽ എതാനും കാര്യങ്ങൾ പറഞ്ഞു കൊടുക്കുക മാത്രമാണ് ഉണ്ടായതെന്നും അധികൃതർ വിശദീകരിക്കുകയായിരുന്നു. തെളിവൊന്നും ലഭിക്കാത്തതിനാൽ പൊലിസ് നടപടിയും ഉണ്ടായിട്ടില്ല.