covid-test
കൊവിഡ് ടെസ്റ്റ്

തൃശൂർ: കുന്നംകുളത്തെ ആന്റിജൻ പരിശോധനയിൽ മുഴുവൻ ഫലവും നെഗറ്റീവ്. കുന്നംകുളം മേഖലയിൽ രോഗവ്യാപനമുണ്ടായ സാഹചര്യത്തിൽ സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി നടത്തിയ ആന്റിജൻ പരിശോധനാ ഫലമാണ് മുഴുവൻ നെഗറ്റീവായത്. രോഗഭീതിയിൽ നിന്ന് അല്പം ആശ്വാസമേകുന്നതായി ഫലം.

കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൻ, വൈസ് ചെയർമാൻ, കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, മറ്റു ജീവനക്കാർ ഉൾപ്പെടെ സമ്പർക്കപ്പട്ടികയിൽ വന്ന 94 പേരുടെ ആന്റിജൻ പരിശോധനയാണ് ഇന്നലെ ഗവ. താലൂക്ക് ആശുപത്രിയിൽ നടത്തിയത്. 100 പേരുടെ ആന്റിജൻ പരിശോധനയിൽ 6 പേർ പങ്കെടുത്തില്ല. എന്നാൽ ഇവരുടെ മുൻ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയിരുന്നുവെന്നതിനാൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മൂക്കിൽ നിന്ന് സ്രവം എടുത്ത് ലളിതമായാണ് ആന്റിജൻ പരിശോധന നടത്തിയത്. അര മണിക്കൂറിൽ തന്നെ പരിശോധനാ ഫലം ലഭ്യമാക്കി. പരിശോധിച്ചവർ എല്ലാം നെഗറ്റീവായെങ്കിലും ഇനിയും കൂടുതൽ ജാഗ്രത പുലർത്തമെന്നും സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ആശുപത്രി സൂപ്രണ്ട് എ.വി. മണികണ്ഠൻ പറഞ്ഞു.

കഴിഞ്ഞ ദിവസം മുപ്പതോളം പേർക്കാണ് മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഏറെയും സമ്പർക്കത്തിലൂടെയുള്ള രോഗബാധയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റിജൻ പരിശോധന നടത്തിയത്.