എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ടയിൽ 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിന് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. മേഖലയിൽ സമ്പർക്ക വ്യാപനത്തിന് സാധ്യത, ഇയാളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കുന്നു. ഇയാൾ ഭക്ഷണം വാങ്ങിയ ഹോട്ടൽ ആരോഗ്യ വകുപ്പ് അടപ്പിച്ചു. പ്രവാസിയായ യുവാവ് 16 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വീട്ടിൽ 14 ദിവസം ക്വാറന്റൈൻ കാലാവധി കഴിഞ്ഞ ഇയാൾ പുറത്തിറങ്ങി സഞ്ചരിച്ചിരുന്നു. വിദേശത്ത് വച്ച് യുവാവിനെ എയർപോർട്ടിൽ കൊണ്ടുവന്ന് വിട്ട സുഹൃത്തിന് കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇന്നലെ രാവിലെയാണ് കൊവിഡ് പോസറ്റീവാണെന്ന് സ്ഥിരീകരിച്ചത്. പുറത്തിറങ്ങരുതെന്ന് അരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നുവെങ്കിലും ഇന്നലെ രാവിലേയും ഇയാൾ പുറത്തിറങ്ങിയിരുന്നു. അയൽ വീട്ടിൽ 500 രൂപ ചില്ലറയാക്കാൻ പോയതായും പിതാവിനൊപ്പം വടക്കാഞ്ചേരിയിലെ ബന്ധുക്കളുടെ വീടുകളിൽ പോയതായും പറയുന്നു. ഇയാൾ ഭക്ഷണം വാങ്ങിയ വടക്കാഞ്ചേരി ഓട്ടുപാറ ജില്ലാ അശുപത്രിക്ക് മുന്നിലുള്ള ബിരിയാണി സെൻ്റർ ആരോഗ്യ വകുപ്പ് അടപ്പിച്ചു. ഇയാൾ സമ്പർക്കം പുലർത്തിയ കുടുംബങ്ങളേയും ഓട്ടോറിക്ഷാ ഡ്രൈവറേയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.