തൃശൂർ: എം.ഒ. റോഡ് മുതൽ ശക്തൻ നഗർ വരെ റോഡ് വീതി കൂട്ടലിന് സഹകരിക്കാൻ തീരുമാനിച്ച മാരിയമ്മൻ കോവിൽ ക്ഷേത്രഭാരവാഹികൾക്ക് കൗൺസിലിന്റെ അഭിനന്ദനം. എന്നാൽ വികസന പ്രവർത്തനങ്ങൾ തങ്ങളുടെ നേട്ടമായി ചിത്രീകരിക്കാൻ ഭരണ-പ്രതിപക്ഷ അംഗങ്ങൾ രംഗത്ത് വന്നു. ഈ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രവർത്തനങ്ങൾ മരവിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നവർ പ്രവർത്തനങ്ങൾ വിജയം കണ്ടപ്പോൾ അവരുടെ നേട്ടമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും മേയർ പറഞ്ഞു.

എന്നാൽ പട്ടാളം റോഡ് വികസനത്തിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും തങ്ങളാണ് നടത്തിയതെന്ന അവകാശ വാദവുമായി പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ പറഞ്ഞു. ഇപ്പോൾ തങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഭരണപക്ഷം നടത്തുന്നതെന്നും രാജൻ പല്ലൻ കുറ്റപ്പെടുത്തി.

തൃശൂരിന്റെ വികസനത്തിൽ പ്രധാനമായ പട്ടാളം റോഡ് വികസനത്തിന് പരിപൂർണ്ണമായും സഹകരിക്കാൻ തീരുമാനിച്ച മാരിയമ്മൻ കോവിൽ ക്ഷേത്രഭാരവാഹികളെ അഭിനന്ദിക്കുന്നതായി ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ എം.എസ്. സമ്പൂർണ പറഞ്ഞു. മറ്റുള്ളവർക്ക് മാതൃകയാണ് ക്ഷേത്രസമിതി എടുത്ത തീരുമാനമെന്നും അവർ കൂട്ടിചേർത്തു. നഗരവാസികളെ പെരുവഴിയിലാക്കിയ രാജൻ പല്ലനെ പെരുവഴി മോർച്ച സംസ്ഥാന പ്രസിഡന്റ് പദവി നൽകണമെന്ന് കൗൺസിലർ കെ.മഹേഷ് പരിഹസിച്ചു.