എരുമപ്പെട്ടി: ഫോണിൽ ഓൺ ലൈൻ ഗെയിം കളിച്ച വിദ്യാർത്ഥിയുടെ മാതാവിൻ്റെ ഫേസ് ബുക്ക് അക്കൗണ്ട് അജ്ഞാതൻ ഹാക്ക് ചെയ്തു. വെള്ളറക്കാട് കൊല്ലംപടി വാഴപ്പിലാത്ത് ശ്രീധരൻ്റെ മകൾ ടീനയുടെ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇവരുടെ ഇളയ മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സാരംഗ് ഫോണിൽ ഫ്രീ ഫയർ എന്ന് പേരുള്ള ഗെയിം കളിക്കുന്നത് പതിവാണ്. വിവിധ ദേശങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ളവരുമായി സംസാരിച്ചാണ് ഗെയിം കളിക്കുക.
ഹിന്ദി സംസാരിക്കുന്ന വ്യക്തി ഗെയിമിലെ ഡയമണ്ട് നൽകാമെന്ന വാഗ്ദാനവുമായി കളിക്കിടയിൽ വരികയായിരുന്നു. ഇതിനായി ഫേസ് ബുക്ക് ഐ.ഡിയും പാസ് വേർഡും ചോദിച്ചു. തുടർന്ന് സാരംഗ് വിവരം നൽകി. അൽപ്പ സമയത്തിന് ശേഷം ടീന ഫേസ് ബുക്ക് തുറന്നപ്പോഴാണ് ഹാക്ക് ചെയ്തതായി മനസിലാക്കിയത്. ഗെയിമിൽ വന്നിരുന്ന അജ്ഞാതൻ്റെ നമ്പറിൽ പിന്നീട് വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫാണ്. എരുമപ്പെട്ടി പൊലീസിൽ പരാതി നൽകി.