തൃശൂർ: അത്യാഹിത വിഭാഗത്തിൽ മരിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ് ഡോക്ടർമാരടക്കം 25 ജീവനക്കാർക്ക് നിരീക്ഷണം ഏർപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് അത്യാഹിത വിഭാഗത്തിലെത്തിച്ച ശേഷം മരിച്ച കൊണ്ടാഴി കുഴിയാംപാടത്ത് ദേവകിക്കാണ് ( 65) മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിൽ ഈ മാസം അഞ്ചിന് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ 68 പേരും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായിരുന്നു. അരിമ്പൂർ കുന്നത്തങ്ങാടി വടക്കേപുരയ്ക്കൽ വത്സലയുടെ (63) മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരടക്കം 10 പേർ ജൂലായ് 21 വരെ ക്വാറന്റൈനിൽ തുടരണമെന്ന് തൃശൂർ മെഡിക്കൽ ബോർഡ് നേരത്തെ നിർദ്ദേശിച്ചിരുന്നു.