തൃശൂർ: അരിമ്പൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കു പിന്നാലെ കൊണ്ടാഴി സ്വദേശിനിയും അത്യാഹിത വിഭാഗത്തിൽ മരിച്ചതോടെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ അപത്രീക്ഷിതമായി ജീവനക്കാർ ക്വാറന്റൈനിൽ പോകേണ്ടി വരുന്നത് പ്രതിസന്ധിയായി. അത്യാഹിത വിഭാഗത്തിൽ പതിവായി ജോലിയെടുക്കുന്നവരാണ് ക്വാറന്റൈനിൽ പോകേണ്ടി വരുന്നത്. ഇവർക്ക് പകരം മറ്റിടങ്ങളിൽ നിന്ന് ജീവനക്കാരെ അത്യാഹിത വിഭാഗത്തിൽ നിയോഗിക്കുമ്പോൾ ആ വിഭാഗങ്ങളിലും പ്രവർത്തനവും താളം തെറ്റുകയാണ്. അത്യാഹിത വിഭാഗത്തിലെ നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർ പി.പി.ഇ കിറ്റ് അടക്കമുളള സുരക്ഷാ സംവിധാനം ഉപയോഗിക്കുന്നില്ല. കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഗുരുതരാവസ്ഥയിലുളള രോഗികളെ ശുശ്രൂഷിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇന്നലെ അവിട്ടത്തൂർ സ്വദേശി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇയാൾക്ക് സ്രവപരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പ്രതിസന്ധി മൂർച്ഛിച്ചു. ചൊവ്വാഴ്ച വൈകിട്ട് അത്യാഹിത വിഭാഗത്തിലെത്തിച്ച ശേഷം മരിച്ച കൊണ്ടാഴി കുഴിയാംപാടത്ത് ദേവകിക്കും( 65) കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആറ് ഡോക്ടർമാരടക്കം 25 ജീവനക്കാർക്കും നിരീക്ഷണം ഏർപ്പെടുത്തി. ഈ മാസം അഞ്ചിന് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ 68 പേരും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായിരുന്നു. അരിമ്പൂർ കുന്നത്തങ്ങാടി വടക്കേപുരയ്ക്കൽ വത്സലയുടെ (63) മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരടക്കം പത്ത് പേർ ജൂലായ് 21 വരെ ക്വാറന്റൈനിൽ തുടരണമെന്ന് തൃശൂർ മെഡിക്കൽ ബോർഡ് നേരത്തെ നിർദ്ദേശിച്ചിരുന്നു. അതേസമയം, മെഡിക്കൽ കോളേജിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി സ്ഥാപനങ്ങളും സജീവമാണ്.
ഓട്ടോമാറ്റിക് സാനിറ്റൈസറുമായി വിദ്യ
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ കൈമാറി. പ്രിൻസിപ്പൽ ഡോ. എ.എ ആൻഡ്രൂസിന് അനിൽ അക്കര എം.എൽ.എ യന്ത്രം കൈമാറി. മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ സാങ്കേതിക സഹായം കോളേജിലെ സ്‌കിൽ സെന്റർ ഏറ്റെടുത്തു നടത്തുമെന്ന് വിദ്യ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സി.ബി സജി അറിയിച്ചു. കോളേജിലെ സ്‌കിൽ സെന്റർ മാനേജർ എം. അനിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ നിർമ്മൽ ബിനോ, ടി. സാഗർ സാജൻ, സുജിത് സുധാകരൻ, സലക്‌സ് സണ്ണി എന്നിവർ ഉൾപ്പെടുന്ന കോളേജിലെ സ്‌കിൽ സെന്ററാണ് യന്ത്രം വികസിപ്പിച്ചത്.
കൈകൾ യന്ത്രത്തിൽ തനിയെ സാനിറ്റൈസർ വീഴും.
അണുനാശക ലായനിയുടെ കപ്പാസിറ്റി 1 .5 ലിറ്റർ
യന്ത്രത്തിന്റെ പ്രവർത്തനം ഇൻഫ്രാ റെഡ് രശ്മികൾ ഉപയോഗിച്ച്
ലായനി വീഴുന്നത് കൂട്ടാനും കുറയ്ക്കാനും സൗകര്യമുണ്ട്
മൊബൈൽ ചാർജറിൽ ചാർജ് ചെയ്താൽ അഞ്ച് മണിക്കൂർ പ്രവർത്തിക്കും .
വൈദ്യുതിയിലും യന്ത്രം പ്രവർത്തിപ്പിക്കാം