തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗി വയറ്റിൽ കുടുങ്ങിയ കൊടിലുമായി കഴിഞ്ഞത് രണ്ട് മാസം. ഓട്ടോ ഡ്രൈവറായ കൂർക്കഞ്ചേരി സ്വദേശി മാളിയേക്കൽ ജോസഫ് പോളിനാണ് ദുരനുഭവമുണ്ടായത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഓപറേഷൻ നടത്തി പുറത്തെടുത്തു. സംഭവത്തിൽ ഗ്യാസ്‌ട്രോ സർജനായ പോൾ ടി. ജോസഫിനെതിരെ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ജില്ലാ കളക്ടർ, തൃശൂർ എ.സി.പി എന്നിവർക്ക് പരാതി നൽകി.
മഞ്ഞപ്പിത്തം കൂടി അണുബാധയുണ്ടായതോടെയാണ് ജോസഫും ഭാര്യ ബിന്ദുവും ഏപ്രിൽ 23ന് ഗ്യാസ്‌ട്രോ സർജനായ പോൾ ടി. ജോസഫിനെ കാണാനെത്തിയത്. പരിശോധനയ്ക്ക് ശേഷം മേയ് അഞ്ചിന് ശസ്ത്രക്രിയ നടത്തി. പിന്നീട് അണുബാധയുണ്ടെന്ന് പറഞ്ഞ് രണ്ടാമതും ശസ്ത്രക്രിയ നടത്തി. ദിവസങ്ങൾക്ക് ശേഷം ഡിസ്ചാർജും ചെയ്തു.
രണ്ടാമത്തെ ആഴ്ച സ്‌കാനിംഗിന് പോയപ്പോൾ ലാബിലുണ്ടായിരുന്ന ജീവനക്കാരോട് മുറിവ് കെട്ടിയപ്പോൾ കത്രിക മറന്നു വച്ചിരുന്നോ എന്ന് ജോസഫ് ചോദിച്ചപ്പോൾ അവർ ഉത്തരം പറയാൻ മടിച്ചതായി ബന്ധുക്കൾ പറഞ്ഞു. അതിനിടെ വീണ്ടും അണുബാധയുണ്ടെന്നും മറ്റൊരു ശസ്ത്രക്രിയ നടത്തണമെന്നും ഡോ. പോൾ ടി. ജോസഫ് പറഞ്ഞു. സംശയം തോന്നിയ ഇവർ സ്വകാര്യ ആശുപത്രിയിൽ ചെന്ന് എക്‌സ്റേ എടുത്തപ്പോഴാണ് വയറ്റിൽ കൊടിൽ കുടുങ്ങിയത് കണ്ടത്. തുടർന്ന് കഴിഞ്ഞ ഒമ്പതിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ ഗ്യാസ്‌ട്രോ സർജനായ ഡോ. മാധവൻ ഉപകരണം പുറത്തെടുത്തു. പിഴവിന്റെ തെളിവുകൾ കാണിച്ചപ്പോൾ നഷ്ടപരിഹാരമായി അമ്പതിനായിരം രൂപ നൽകാമെന്ന് പോൾ ടി. ജോസഫ് പറഞ്ഞതായും രോഗിയുടെ ബന്ധുക്കൾ പറഞ്ഞു. തുക നൽകുമ്പോൾ എക്‌സ്റേയും മറ്റും കൈമാറണമെന്നും ആവശ്യപ്പെട്ടു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന നിർദ്ധന കുടുംബമാണ് ജോസഫിന്റേത്.
'ആദ്യ ഓപറേഷന് മുമ്പ് പണം വേണമെന്ന് പറഞ്ഞ ഡോ. പോൾ ടി. ജോസഫിന് ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലെത്തി പതിനായിരം രൂപ നൽകി. ഇയാൾ ഇവിടെ രോഗികളെ പരിശോധിക്കുന്നുണ്ടായിരുന്നു".
- ബിന്ദു, ജോസഫിന്റെ ഭാര്യ
ഡോക്ടർക്കെതിരെ നിരവധി പരാതി
മെഡിക്കൽ കോളേജിലെ ജോലിക്കൊപ്പം സ്വകാര്യ ആശുപത്രിയിലും പ്രവർത്തിച്ചതിന് നടപടി നേരിട്ടിട്ടുള്ള വ്യക്തിയാണ് ഡോ. പോൾ ടി. ജോസഫ്. വർഷങ്ങൾക്ക് മുമ്പ് ഇയാൾ സുന്നത്ത് ചെയ്ത കുട്ടി മരിച്ച സംഭവവും ഉണ്ടായിരുന്നു. തുടർന്ന് സസ്‌പെൻഷനിലായ ഇയാളെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്രിയിരുന്നു.