keam
keam

തൃശൂർ : കൊവിഡ് 19 സുരക്ഷാ മാനദണ്ഡം പാലിച്ച് മെഡിക്കൽ എൻജിനീയറിംഗ് പ്രവേശനപരീക്ഷ എഴുതിയത് 9769 വിദ്യാർത്ഥികൾ. 11,800 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. വിവിധ കാരണങ്ങളാൽ 2031 കുട്ടികൾ പരീക്ഷ എഴുതിയില്ല. 65 വിദ്യാർത്ഥികൾ പരീക്ഷാ സെന്ററുകളിൽ ഒരുക്കിയ ക്വാറന്റൈൻ മുറികളിലാണ് പരീക്ഷ എഴുതിയത്. ജില്ലയിൽ നാൽപത് പരീക്ഷാ സെന്ററുകളിലായി 680 ക്ലാസ് മുറികളാണ് കീം പ്രവേശന പരീക്ഷയ്ക്കായി സജ്ജമാക്കിയത്. വിദ്യാർത്ഥികളെ കൈകൾ കഴുകിച്ചും തെർമൽ സ്‌കാനർ ഉപയോഗിച്ച് താപനില പരിശോധിച്ചുമാണ് ഹാളുകളിലേക്ക് കടത്തി വിട്ടത്. ക്വാറന്റൈനിൽ ഇരിക്കുന്ന വിദ്യാർത്ഥികൾക്കും കണ്ടെയ്ൻമെന്റ് സോണിൽ നിന്നും വരുന്നവർക്കും പ്രത്യേകം മുറികളാണ് ഒരുക്കിയത്. കുടിവെള്ളം കൈയിൽ കരുതാൻ അനുവാദം നൽകിയിരുന്നു. പരീക്ഷയ്ക്ക് മുന്നോടിയായി 21 പരീക്ഷാ സെന്ററുകൾ ഫയർഫോഴ്‌സും 10 സെന്ററുകൾ കോർപറേഷനും 9 സെന്ററുകൾ സന്നദ്ധപ്രവർത്തകരും ശുചീകരിച്ചിരുന്നു. കെ.എസ്.ആർ.ടി.സി യാത്രാ സൗകര്യം ഒരുക്കി. പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികളുടെ ഗ്ലൗസും മാസ്‌ക്കും സുരക്ഷിതമായി നിർമാർജ്ജനം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.