തൃശൂർ: മൂന്ന് ഉറവിടമില്ലാത്ത രോഗികളെ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഉറവിടം കണ്ടെത്താനായി പ്രത്യേകസംഘം പരിശോധന തുടങ്ങി. ശുചീകരണ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപന ജീവനക്കാർ അടക്കം സമ്പർക്കരോഗ ബാധിതരാണ്. ഈ നാലു വിഭാഗത്തിൽ നിന്നും അമ്പതിലേറെ പേർക്കാണ് രോഗം പകർന്നത്. ഇക്കാര്യം പഠിച്ച് അവരുടെ ചുറ്റുപാടുകൾ നിരീക്ഷിച്ച് രോഗം എങ്ങനെ പകർന്നുവെന്ന് കണ്ടെത്തുന്നതിനാണ് നീക്കം.
ഉറവിടം കണ്ടെത്തുന്നതിനും ഒപ്പം അവരുടെ രോഗാവസ്ഥ വിലയിരുത്തുന്നതിനും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം പരിശോധന തുടങ്ങിക്കഴിഞ്ഞു. മെഡിക്കൽ കോളജിലെ വിദഗ്ദ്ധരാണ് സംഘത്തിലുള്ളത്. നേരത്തെ എങ്ങണ്ടിയൂരിൽ മരിച്ച വയോധികനും അരിമ്പൂരിൽ മരിച്ച സ്ത്രീക്കും ഇരിങ്ങാലക്കുടയിൽ രോഗം ബാധിച്ച കുട്ടിക്കും എങ്ങനെ രോഗം ബാധിച്ചുവെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിൽ എങ്ങണ്ടിയൂരിലെ കേസിൽ മാസങ്ങളായി അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളേജിൽ മരിച്ച സ്ത്രീക്ക് രോഗം ലഭിച്ചത് സംബന്ധിച്ച കാര്യത്തിലും അവ്യക്തതയുണ്ട്. സ്ത്രീയുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകളുണ്ട്. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് അടുത്ത ദിവസം തന്നെ ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ കളക്ടർക്കും നൽകും.
അതിനിടെ സമ്പർക്ക പട്ടിക നീളുന്നതും ആശങ്ക വർദ്ധിക്കുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം രോഗികളുടെ എണ്ണം കുറഞ്ഞാലും മറ്റ് ദിവസങ്ങളിൽ കുത്തനെ ഉയരുന്നതും ഭീതി ജനിപ്പിക്കുന്നുണ്ട്.
32 സമ്പർക്ക രോഗികൾ വരെ ഒരു ദിവസം റിപ്പോർട്ട് ചെയ്തത് ഭീതി പരത്തിയിരുന്നു. കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് നടപടി പുരോഗമിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്ന് നടപടി ക്രമം പൂർത്തിയാക്കാതെ എത്തുന്നവർ ആരോഗ്യ പ്രവർത്തകർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് പാസ് വേണ്ടെങ്കിലും കൊവിഡ് ജാഗ്രതാ പോർട്ടറിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം പലരും ലംഘിക്കുന്നതാണ് ആരോഗ്യ പ്രവർത്തകർക്ക് ദുരിതം സൃഷ്ടിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗം പകരുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആന്റിജൻ പരിശോധന അടക്കം ജില്ലയിൽ തുടങ്ങിക്കഴിഞ്ഞു.
ആരോഗ്യ പ്രവർത്തകർക്ക് രോഗം, ആശങ്ക
സമ്പർക്കത്തിലൂടെ രോഗം പകർന്നവരിൽ മുപ്പതോളം പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗ പ്രതിരോധവും വ്യാപനവും കുറയ്ക്കുന്നതിന് പകലും രാത്രിയുമില്ലാതെ പ്രവർത്തിക്കുന്ന ഇവർക്ക് രോഗബാധ ഉണ്ടാകുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. 14 പേർക്ക് കുടുംബങ്ങളിലെ ആളുകളിൽ നിന്നും രോഗം ബാധിച്ചിട്ടുണ്ട്. ബി.എസ്.എഫ് ജവാന്മാർക്കും ഇതര സംസ്ഥാനക്കാർക്കും പത്താൾക്ക് വീതം സമ്പർക്കത്തിലൂടെ തന്നെയാണ് രോഗം പകർന്നത്.