nalambalam

തൃപ്രയാർ : രാമായണ മാസാചരണത്തിന്റെ ഭാഗമായി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നാലമ്പല തീർത്ഥാടനത്തിന് തുടക്കം. അതേ സമയം ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, മുഴിക്കുളം ക്ഷേത്രം, പായമ്മൽ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം അനുവദിച്ചില്ല. തൃപ്രയാറിൽ പുലർച്ചെ 4.30 ന് നട തുറന്നു. രാവിലെ 7 മുതലാണ് ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടത്. 10.30 വരെ മാത്രമേ ദർശനം അനുവദിച്ചുള്ളൂ. കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ല. ദർശനത്തിനെത്തിയ ഭക്തരുടെ പേരുവിവരം രജിസ്റ്ററിൽ രേഖപ്പെടുത്തി. ക്ഷേത്ര മണ്ഡപത്തിന് പിറകിൽ നിന്ന് ദർശനം നടത്തിയ ഭക്തർ വടക്കേ നടയിലൂടെ പുറത്തിറങ്ങി. ശേഷം പ്രദക്ഷിണം നടത്തി ദർശനം പൂർത്തിയാക്കി.

പ്രസാദ വിതരണം നടന്നില്ല. വെടി, മീനൂട്ട് വഴിപാടുകൾ ഭക്തർ ശീട്ടാക്കി. വൈകീട്ട് 5.15 മുതൽ 6.30 വരെയായിരുന്നു ദർശന സമയം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഭക്തർക്കായി സംവിധാനം ഒരുക്കിയിരുന്നില്ല. കൈവരികളോടു കൂടിയ ക്യൂ സിസ്റ്റം, ഫ്ളൈ ഓവർ, മൊബൈൽ കൗണ്ടറുകൾ, പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സേവനം ഉണ്ടായില്ല. പരിമിത സൗകര്യങ്ങളോടു കൂടിയ ദർശന ക്രമം മാത്രമാണുണ്ടായിരുന്നത്. എന്നാൽ വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിച്ചാൽ കൂടുതൽ സൗകര്യം എർപ്പെടുത്തുമെന്ന് തൃപ്രയാർ ദേവസ്വം മാനേജർ പറഞ്ഞു.