തൃശൂർ: പതിറ്റാണ്ടുകൾക്ക് ശേഷം ആളൊഴിഞ്ഞ കർക്കടക പുലരി. ഇന്നലെ വടക്കുന്നാഥനിൽ ആനക്കൂട്ടങ്ങളും ആൾക്കൂട്ടങ്ങളും ഉണ്ടായില്ല. ലോക്ഡൗൺ നിയന്ത്രണത്തെ തുടർന്ന് രാമായണ മാസാചരണത്തിന്റെ തുടക്കം ചടങ്ങു മാത്രമാക്കി ചുരുക്കി. അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടന്നെങ്കിലും പതിവുവട്ടങ്ങൾ ഒന്നും ഉണ്ടായില്ല. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്രം നാലമ്പലത്തിനകത്ത് പ്രത്യേകം സജ്ജമാക്കിയ ഹോമകുണ്ഡത്തിൽ 108 നാളികേരം കൊണ്ടാണ് മഹാഗണപതി ഹോമം നടന്നത്. രാവിലെ പത്തിന് ദേവസ്വം ആന ശിവകുമാറിനു ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ ആദ്യ ഉരുള നൽകി ആനയൂട്ട് നടത്തി. ആനയൂട്ടിനു ഭക്തർക്കു പ്രവേശനം ഉണ്ടായിരിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടത്തിയത്.