tharakkallidal
ഒപ്പം പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നപ്പിള്ളിയിൽ ഗീതയുടെ കുടുംബത്തിനായി നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജു, പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബുവും ചേർന്ന് നിർവഹിക്കുന്നു

മേലൂർ: കുന്നപ്പിളളിയിലെ മേപ്പുള്ളി ഗീതയ്ക്കും കുടുംബത്തിനും തല ചായ്ക്കാൻ അടച്ചുറപ്പുള്ള ഭവനം ഒരുങ്ങുന്നു. ആറ് അംഗങ്ങൾ ഉള്ള ഈ കുടുംബം ഇതുവരെ പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ കുടിലാലിയിരുന്നു അന്തിയുറങ്ങിയിരുന്നത്. സ്ഥലത്തിന്റെ രേഖകൾ ശരിയല്ലാത്തതിനാൽ അർഹരായിട്ടും ഇവർക്ക് വീടൊരുക്കാൻ സർക്കാർ ഏജൻസികൾക്ക് കഴിഞ്ഞില്ല. ഓൺലൈൻ വിദ്യാഭ്യാസത്തിന് ടി.വി സൗകര്യം ലഭിച്ചിട്ടും ഉപയോഗിക്കാൻ സൗകര്യം ഇല്ലാത്ത ഇവരുടെ ദുരവസ്ഥ പ്രദേശത്തെ പൊതുപ്രവർത്തകർ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ. സുമേഷിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ അടുത്ത രണ്ട് സുഹൃത്തുക്കളായ ഫാ.ജിജോയും, ഷിജു ആച്ചാണ്ടിയും ചേർന്നാണ് വീട് നിർമ്മാണത്തിന് കളമൊരുക്കുന്നത്. ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷന്റെ ഒപ്പം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇതു നിർമ്മിക്കാൻ തീരുമാനിച്ചത്. 650 ചതുരശ്ര അടിയിൽ 3 കിടപ്പു മുറികളോടു കൂടി നിർമ്മിക്കുന്ന വീടിന് നാട്ടുകാരുടെ സഹായവുമുണ്ട്. തറക്കല്ലിടൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിജുവും, പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബുവും ചേർന്ന് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ഷിജു ആച്ചാണ്ടി, വാർഡ് മെമ്പർ ഷിജി വികാസ്, ബിപിൻ രാജ്, എം.എം രമേശൻ, പ്രദീപ് പൂലാനി എന്നിവർ സംസാരിച്ചു.