പാവറട്ടി: ഇരുപത് വർഷത്തിലധികമായി കെട്ടിട നിർമ്മാണ തൊഴിലാളിയാണെങ്കിലും ഷിനോദ് എളവള്ളിയ്ക്ക് എന്നും കൂട്ടുകാരായുള്ളത് പുസ്തകങ്ങൾ. സാഹിത്യരചനയും ഏറെ ഇഷ്ടപ്പെടുന്ന ഷിനോദിന്റ മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിളയുടെ നീലാംബരി (കവിത), അസ്ഥികൂടങ്ങൾ വിൽക്കപ്പെടും (കഥകൾ), കനൽവഴിയിലെ നിഴൽ മരങ്ങൾ (നോവൽ) എന്നിവ കൂടാതെ നാലാമത് പുസ്തകം 'ആമ ' നോവൽ പണി പുരയിലുമാണ്. പൂവ്വത്തൂരിലെ ഷാജി കാക്കശ്ശേരിയുടെ മേൽനോട്ടത്തിൽ പണി നടക്കുന്ന വീടിന്റെ വാർപ്പ് പണിയുടെ തിരക്കിലാണ് ഇപ്പോൾ ഷിനോദ്.
എളവള്ളി ഗവ.ഹൈസ്‌കൂളിൽ പത്താം ക്ലാസ് വരെ പഠിച്ച ഷിനോദ്, പഠിക്കുന്ന സമയത്ത് തന്നെ നാടകങ്ങൾ എഴുതുകയും സ്‌കൂളിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് എഴുതി അവതരിപ്പിച്ച 'അസ്ഥികൂടങ്ങൾ വിൽക്കപ്പെടും' എന്ന നാടകം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പിന്നീട് പുരാവൃത്തം എന്നൊരു നാടകവും എഴുതി. പഠനത്തിന് ശേഷം ജീവിതതിരക്ക് ഏറിയപ്പോൾ 25 വർഷം സമയമെടുത്താണ് 2018ൽ സാഹിത്യസൃഷ്ടികളിലേക്ക് വീണ്ടുമെത്തിയത്. കുത്തി കുറിച്ച കവിതകൾ സോഷ്യൽ മീഡിയയിലൂടെ വെളിച്ചം കണ്ടു. ഇത് കണ്ട എളവള്ളിയിലെ ഗ്രാമീണ വായനശാല പ്രവർത്തകരാണ് ആദ്യ കവിതാ സമാഹാരം 'നിളയുടെ നീലാംബരി' പ്രസിദ്ധീകരിച്ചത്. പിന്നീട് അസ്ഥികൂടങ്ങൾ വിൽക്കപ്പെടും എന്ന തന്റെ ഹൈസ്‌കൂൾ നാടകം കഥയായി എഴുതി പുസ്തകമാക്കി. ഇപ്പോൾ ''കനൽവഴിയിലെ നിഴൽ മരങ്ങൾ ' എന്ന നോവലും പുസ്തകമായി ഇറങ്ങി. സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപാഠികൾ, എളവള്ളി ഗ്രാമീണ വായനശാല തുടങ്ങിയവരെല്ലാം പുസ്തകം ഇറക്കുന്നതിനായി ഷിനോദിന് സാമ്പത്തിക സഹായം നൽകാറുണ്ട്. മലയാള സാഹിത്യത്തിൽ എം.ടി, ഒ.വി. വിജയൻ, സി. രാധാകൃഷ്ണൻ എന്നിവരെ എല്ലാം ഇഷ്ടപ്പെടുന്ന ഷിനോദിന്
കവിയും നിരൂപകനുമായ പ്രസാദ് കാക്കശ്ശേരി മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകാറുണ്ട്. തന്റെ പുസ്തകങ്ങൾ ഷിനോദ് തന്നെ വായനക്കാരെ കണ്ടെത്തിയാണ് വില്പന നടത്തുന്നത്. എളവള്ളി നരിയംപുള്ളി വേലായുധന്റെയും കൗസല്യയുടേയും മകനായ ഷിനോദ് മമ്മായി സെന്ററിനടുത്താണ് താമസിക്കുന്നത്. ഭാര്യ: ഷീന, മക്കൾ: അനാമിക, അഭിമന്യു.
ഷിനോദ് എളവള്ളി കെട്ടിട നിർമ്മാണത്തിൽ.