കാഞ്ഞാണി: മണലൂർ ജയ്ഹിന്ദ് പവർലൂം സഹകരണസംഘം നാഥനില്ലാതെ നശിക്കുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ചിട്ട് 20 വർഷത്തോളമായി. വ്യവസായ വകുപ്പിന്റെ സഹകരണ വിഭാഗത്തിന് കീഴിൽ സഹകരണസംഘം ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താണ് ജയ്ഹിന്ദ് പവർലൂം സഹകരണ സംഘം പ്രവർത്തനം തുടങ്ങിയത്.
സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായിരുന്നു. രണ്ട് ഷിഫ്ടുകളിലായി 40 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഒരേക്കർ സ്ഥലമുള്ള സഹകരണ സംഘത്തിന് സ്വന്തമായി കെട്ടിടവുമുണ്ട്. എന്നാൽ പ്രവർത്തനം നിലച്ചതോടെ കെട്ടിടം ഉൾപ്പെടെയുള്ളവ അനാഥമായി നാശത്തിന്റെ വക്കിലാണ്.
മികച്ച ഉത്പാദനവും ലാഭവും കമ്പനി പ്രവർത്തനം ആരംഭിക്കുമ്പോൾ ഉണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ വിലകുറഞ്ഞ തുണി ഉത്പന്നങ്ങൾ എത്താൻ തുടങ്ങിയതോടെ ജയ്ഹിന്ദ് പവർലൂമിന്റെ പ്രവർത്തനം ലാഭകരമല്ലാതായി. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും ജയ്ഹിന്ദ് പവർലൂം സഹകരണസംഘത്തിന്റെ പ്രവർത്തനം നിലയ്ക്കാൻ ഇടയാക്കി. 2000ലാണ് പ്രവർത്തനം നിലച്ചത്.
സംഘത്തിന്റെ പ്രവർത്തനം നിലച്ച ശേഷം ആരും തിരിഞ്ഞുനോക്കാതിരുന്നതിനാൽ യന്ത്രം ഉൾപ്പെടെയുള്ളവ മോഷണം പോയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ മേൽനോട്ടം വഹിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന് മോഷണം സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. പവർലൂം സഹകരണ സംഘത്തിന്റെ പ്രവർത്തനം പുരുജ്ജീവിപ്പിക്കാൻ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല.
മുൻ ഭരണസമിതി ഭാരവാഹികളായ തോമസ് പള്ളിക്കുന്നത്ത്, സി.എസ്. പ്രേമൻ, വി.കെ. ബാലകൃഷ്ണൻ എന്നിവരെയാണ് അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തത്. ഈ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് പൊതുയോഗം വിളിച്ച് തിരിഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കേണ്ടത്. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പായി 500 രൂപ കെട്ടിവയ്ക്കണ്ടതുണ്ട്. അത് ആരും വഹിക്കും എന്നതിന് ഒരു വർഷമായിട്ടും തീരുമാനമാകാതെ പവർലൂം പുനർജീവിപ്പിക്കാനുള്ള നടപടികൾ അനന്തമായി നീളുകയാണ്.
നാശോന്മുഖമാകുന്ന ജയ്ഹിന്ദ് പവർലൂം സഹകരണ സംഘത്തിന്റെ സ്ഥലവും കെട്ടിടവും വ്യവസായവകുപ്പ് ഏറ്റെടുത്ത് പുതിയ വ്യവസായ സ്ഥാപനത്തിനായി ഉപയോഗപ്പെടുത്തണമെന്നാണ് പൊതുജനാഭിപ്രായം.
സഹകരണസംഘം അംഗങ്ങളിൽ നിന്ന് അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി അംഗങ്ങളായി മൂന്ന് പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. തുടർനടപടികൾക്ക് ഇറങ്ങേണ്ടത് അവരാണ്. അടഞ്ഞുകിടക്കുന്ന സ്ഥാപനമായതിനാൽ ഫണ്ട് ലഭിക്കുക പ്രയാസകരമാകും. ആദ്യം പുതിയൊരു ഭരണസമിതിയെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.
- സജിത, പവർലൂം ഇൻ ചാർജ് ഇൻസ്‌പെക്ടർ, ജില്ലാ വ്യവസായകേന്ദ്രം, തൃശൂർ
പൊതുയോഗം വിളിച്ച് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള ശ്രമം നടക്കുന്നതിനിടെണ് ലോക് ഡൗൺ പ്രഖ്യാപനമുണ്ടായത്. പവർലൂം പുനർജീവിപ്പിക്കുന്നതോടൊപ്പം അനുബന്ധ ഉത്പാദനവും വിപണനവും സംഘം വഴി നടത്തിയാൽ മാത്രമേ വിജയിക്കാനാകൂ. വ്യവസായ വകുപ്പും ഇതിന് സഹകരിക്കണം.
- തോമസ് പള്ളിക്കുന്നത്ത്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം