അപകടങ്ങളിൽപ്പെട്ടാലും ജീവനൊടുക്കാൻ ശ്രമിച്ചാലും രോഗങ്ങൾ മൂർച്ഛിച്ചാലും അവരെ ആദ്യം എത്തിക്കുന്നത് സ്വാഭാവികമായും മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിലാകുമല്ലോ. പക്ഷേ, ഇൗ കൊവിഡ് വ്യാപനകാലം ഉയർത്തുന്ന വലിയ വെല്ലുവിളി ആശുപത്രിയിൽ കൊണ്ടുവരുന്നവരിൽ പലർക്കും കൊവിഡ് ബാധയുണ്ടെന്നതാണ്. മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിലെത്തിച്ച അരിമ്പൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചതും തുടർന്ന് അവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതും ആശുപത്രി ജീവനക്കാർക്ക് ക്വാറന്റീനിൽ പോകേണ്ടി വന്നതുമായിരുന്നു രോഗപ്രതിരോധ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കാനിടയാക്കിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊണ്ടാഴി സ്വദേശിനിയും അവിട്ടത്തൂർ സ്വദേശിയായ യുവാവും അത്യാഹിതവിഭാഗത്തിൽ മരിച്ചു. യുവാവിന് കൊവിഡ്ബാധ സ്ഥിരീകരിക്കുകയും ചെയ്തു. അതോടെ വീണ്ടും ഡോക്ടർമാരും നഴ്സുമാരും അടക്കമുളള ജീവനക്കാർ ക്വാറന്റീനിൽ പോകേണ്ടി വന്നു.
മറ്റിടങ്ങളിൽ നിന്ന് ജീവനക്കാരെ അത്യാഹിത വിഭാഗത്തിൽ നിയോഗിക്കുമ്പോൾ ആ വിഭാഗങ്ങളിലും പ്രവർത്തനവും താളം തെറ്റുകയാണ്. അത്യാഹിത വിഭാഗത്തിലെ നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർ പി.പി.ഇ കിറ്റ് അടക്കമുളള സുരക്ഷാ സംവിധാനം ഉപയോഗിക്കുന്നില്ല. കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഗുരുതരാവസ്ഥയിലുളള രോഗികളെ ശുശ്രൂഷിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന പാഠമാണ് കൊവിഡ് കാലം നൽകുന്നത്.
ഉറവിടങ്ങൾ എവിടെ?
ഉറവിടങ്ങൾ അറിയാത്ത കൊവിഡ് ബാധയാണ് ആരോഗ്യവകുപ്പിനേയും ജനങ്ങളേയും ഏറ്റവും ഭീതിയിലാഴ്ത്തുന്നത്. അതുകൊണ്ടു തന്നെ ഉറവിടങ്ങൾ കണ്ടെത്താനായി പ്രത്യേകസംഘം തന്നെ തൃശൂരിൽ പരിശോധന തുടങ്ങി. ശുചീകരണ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാർ അടക്കം സമ്പർക്കരോഗ ബാധിതരാണ്. ഈ നാലു വിഭാഗത്തിൽ നിന്നും അമ്പതിലേറെ പേർക്കാണ് രോഗം പകർന്നത്. ഇക്കാര്യം പഠിച്ച് അവരുടെ ചുറ്റുപാടുകൾ നിരീക്ഷിച്ച് രോഗം എങ്ങനെ പകർന്നുവെന്ന് കണ്ടെത്തുന്നതിനാണ് നീക്കം.
ഉറവിടം കണ്ടെത്തുന്നതിനും ഒപ്പം അവരുടെ രോഗാവസ്ഥ വിലയിരുത്തുന്നതിനും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം പരിശോധന തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ വിദഗ്ദ്ധരാണ് സംഘത്തിലുള്ളത്. നേരത്തെ എങ്ങണ്ടിയൂരിൽ മരിച്ച വയോധികനും അരിമ്പൂരിൽ മരിച്ച സ്ത്രീക്കും ഇരിങ്ങാലക്കുടയിൽ രോഗം ബാധിച്ച കുട്ടിക്കും എങ്ങനെ രോഗം ബാധിച്ചുവെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിൽ എങ്ങണ്ടിയൂരിലെ കേസിൽ മാസങ്ങളായി അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളേജിൽ മരിച്ച സ്ത്രീക്ക് രോഗം ലഭിച്ചത് സംബന്ധിച്ച കാര്യത്തിലും അവ്യക്തതയുണ്ട്. സ്ത്രീയുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകളുണ്ട്. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് അടുത്ത ദിവസം തന്നെ ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ കളക്ടർക്കും നൽകും.
അതിനിടെ സമ്പർക്കപ്പട്ടിക നീളുന്നതും ആശങ്ക വർദ്ധിക്കുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം രോഗികളുടെ എണ്ണം കുറഞ്ഞാലും മറ്റ് ദിവസങ്ങളിൽ കുത്തനെ ഉയരുന്നതും ഭീതി ജനിപ്പിക്കുന്നുണ്ട്.
സമ്പർക്കത്തിലൂടെ രോഗം പകർന്നവരിൽ മുപ്പതോളം പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗപ്രതിരോധവും വ്യാപനവും കുറയ്‌ക്കുന്നതിന് പകലും രാത്രിയുമില്ലാതെ പ്രവർത്തിക്കുന്ന ഇവർക്ക് രോഗബാധ ഉണ്ടാകുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്.
ശാശ്വതമല്ലാത്ത
സ്വപ്നങ്ങൾ
മനുഷ്യജീവനെ പന്താടിക്കൊണ്ടിരിക്കുന്ന കൊവിഡ് വൈറസിന്റെ വ്യാപനകാലത്ത് രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമായിരിക്കുകയാണല്ലോ സ്വർണക്കടത്ത് കേസ്. ഇൗ കേസിൽ റിമാൻഡിലായ സ്വപ്ന സുരേഷിനെ പാർപ്പിച്ചത് തൃശൂർ മിഷൻ ക്വാർട്ടേഴ്സിലെ അമ്പിളിക്കല ക്വാറന്റീൻ കേന്ദ്രത്തിലായിരുന്നു. അവിഹിത മാർഗങ്ങളിലൂടെ പണം വാരിക്കൂട്ടുകയും അധികാരകേന്ദ്രങ്ങളെ കൈയിലെടുക്കുകയും ചെയ്ത കൂടുതൽ പേരെ അന്വേഷണസംഘം തേടിക്കൊണ്ടിരിക്കുമ്പോഴും എല്ലാവരുടേയും കണ്ണുകൾ സ്വപ്നയിലായിരുന്നു. അതുകൊണ്ടു തന്നെ തൃശൂരിലെ താമസസ്ഥലത്തേക്കും ആ കാഴ്ച തിരിഞ്ഞു. പിടിയിലായ ആദ്യദിനം തന്നെ സ്വപ്ന കഴിഞ്ഞത്, കൊലക്കേസിലെ പ്രതിയായ സ്ത്രീക്കൊപ്പം. തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ അയ്യന്തോളിലെ ഫ്ലാറ്റിൽ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയ ശാശ്വതി പ്രമോദിന്റെ മുറിയിലായിരുന്നു സ്വപ്നയെയും പാർപ്പിച്ചത്. കൊവിഡ് നിരീക്ഷണത്തിലായിരുന്നു ശാശ്വതിയും. 2016 മാർച്ചിലായിരുന്നു കോൺഗ്രസ് നേതാക്കളും ശാശ്വതിയും ഉൾപ്പെട്ട കൊലപാതകം. തൃശൂർ അഡിഷനൽ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം ഇവർ ഉൾപ്പടെ അഞ്ചു പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വനിതാ പൊലീസുകാർ അടക്കം വൻ പൊലീസ് സംഘമായിരുന്നു രണ്ടുപേർക്കും രാത്രി ഉറങ്ങാതെ കാവലിരുന്നത്.
വിയ്യൂർ ജയിലിലാക്കാനുള്ള റിമാൻഡ് പ്രതികളെയോ കുറ്റവാളികളെയോ കൊവിഡ് നിരീക്ഷണത്തിനായി താമസിപ്പിക്കുന്ന സ്ഥലമാണ് ഇൗ ക്വാറന്റീൻ കേന്ദ്രം. സ്വപ്ന വരുന്നതുവരെ 22 പുരുഷ തടവുകാരും മൂന്ന് വനിതാ തടവുകാരുമാണ് ഉണ്ടായിരുന്നത്. ഇവിടെ താമസിപ്പിക്കുന്ന തടവുകാരുടെ കൊവിഡ് പരിശോധനാഫലം വരുന്നതോടെ വിയ്യൂർ ജയിലിലേക്ക് അയയ്ക്കുകയാണ് ചെയ്യാറുള്ളത്. എന്തായാലും ഉപ്പു തിന്നവർ വെള്ളം കുടിക്കുകയാണ്. എത്ര ഉന്നതരുടെ കരവലയത്തിലായാലും ആർത്തിമൂത്ത സ്വപ്നങ്ങൾ കൊണ്ടുനടക്കുന്നവർ വീഴുമെന്നും സത്യം എപ്പോഴും ജയിക്കുമെന്നും വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.