തൃശൂർ : തീരദേശ മേഖലകൾ കൊവിഡിന്റെ അതിതീവ്രമേഖലകളായി മാറിയേക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. പ്രാഥമിക നടപടിയായി മത്സ്യബന്ധനവും കച്ചവടവും നിരോധിച്ചു. നൂറുക്കണക്കിന് വള്ളങ്ങളും ബോട്ടുകളും വന്നു ചേരുന്ന ചേറ്റുവ ഹാർബർ താത്കാലികമായി അടച്ചു. മൂന്നു ദിവസം അടച്ചിടാനാണ് തീരുമാനം.
പഞ്ചായത്ത്, മത്സ്യത്തൊഴിലാളികൾ, തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ ചേർന്നുള്ള കോർഡിനേഷൻ കമ്മിറ്റിയാണ് ഇത്തരത്തിൽ തീരുമാനമെടുത്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇതര ജില്ലകളിൽ നിന്നും വള്ളങ്ങളിലും ബോട്ടുകളിലും കരമാർഗ്ഗവും എത്തിച്ചേർന്ന് അനധികൃതമായി മത്സ്യക്കച്ചവടമോ മത്സ്യബന്ധനമോ നടത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചെറുവള്ളങ്ങളെയും വലിയ വള്ളങ്ങളെയും തീരത്തേക്ക് പ്രവേശിപ്പിക്കില്ല.
ജില്ലയ്ക്ക് പുറത്തുള്ള മത്സ്യബന്ധന വള്ളങ്ങൾ കടലിൽ ഇറങ്ങി മത്സ്യബന്ധനത്തിന് ശേഷം ചേറ്റുവ അഴിമുഖത്താണ് അടുപ്പിക്കാറ്. ഓരോ വള്ളങ്ങളിലും നാൽപ്പത് മുതൽ അറുപത് വരെ മത്സ്യത്തൊഴിലാളികൾ ഉണ്ടാകും. ഇവരെ ഒരിക്കലും സമൂഹിക അകലം പാലിച്ച് നിയന്ത്രിക്കാനാകില്ല. തിരുവനന്തപുരത്തെ പൂന്തുറയിലും മലപ്പുറത്തെ പൊന്നാനിയിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തീരമേഖലയിലും ആശങ്ക ജനിപ്പിക്കുന്ന രീതിയിൽ രോഗം പടർന്നിരുന്നു. കന്യാകുമാരി, കുളച്ചൽ മേഖലയിൽ നിന്ന് നിരവധി പേർ പൊന്നാനി, ചാവക്കാട് മേഖലകളിൽ മത്സ്യബന്ധനത്തിനും കച്ചവടങ്ങൾക്കുമായെത്തുന്നുണ്ട്. തീരമേഖലകളായ ചാവക്കാട്, കുന്നംകുളം, വടക്കേക്കാട്, കയ്പമംഗലം, കൊടുങ്ങല്ലൂർ മേഖലകളിൽ എല്ലാം തന്നെ രോഗം റിപ്പോർട്ട് ചെയ്തിരുന്നു.
വർഷമെത്തിയാൽ പ്രതിരോധം ദുഷ്‌കരം
രണ്ട് ദിവസമായി കാലവർഷം ശക്തമായിട്ടുണ്ട്. ഇത് വരും ദിവസങ്ങളിലും തുടർന്നാൽ ഉണ്ടായേക്കാവുന്ന കടൽക്ഷോഭവും മറ്റും പ്രതിസന്ധി കൂട്ടും. കാലവർഷമായാൽ നൂറ് കണക്കിന് കുടുംബങ്ങളെ സ്‌കൂളുകളിലും മറ്റും ഒരുമിച്ചാണ് പാർപ്പിക്കാറ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിൽ ആർക്കെങ്കിലും ഒരാൾക്ക് കൊവിഡ് പിടിപെട്ടാൽ പ്രതിരോധ പ്രവർത്തനങ്ങളെല്ലാം തന്നെ താളം തെറ്റും.
സൈക്ലോൺ ഷെൽറ്റർ
കൊവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടല്ലെങ്കിലും തീരദേശ നിവാസികളെ മാറ്റിപാർപ്പിക്കുന്നതിനുള്ള സൈക്ലോൺ ഷെൽട്ടറുകളുടെ നിർമ്മാണം വരും നാളുകളിൽ ഗുണപ്രദമാകും. ചുഴലിക്കാറ്റ്, വേലിയേറ്റം, കടൽക്ഷോഭം, പ്രളയം എന്നിവ മൂലം ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനാണ് ഷെൽറ്ററുകൾ നിർമ്മിക്കുന്നത്.
1500 പേർക്ക് താമസ സൗകര്യം
ദേശീയ ചുഴലിക്കാറ്റ് അപകട സാദ്ധ്യത ലഘൂകരണ പദ്ധതി പ്രകാരം അഴീക്കോട്, കടപ്പുറം പ്രദേശത്താണ് സൈക്ലോൺ ഷെൽറ്ററുകൾ നിർമ്മിക്കുന്നത്. അഴീക്കോട് 700 പേരെ താമസിപ്പിക്കുന്നതിനായി മൂന്ന് നിലകളിലുള്ള കെട്ടിടമാണ് നിർമ്മിക്കുക. കടപ്പുറം പഞ്ചായത്തിലും ഇത്തരത്തിൽ 800 പേരെ താമസിപ്പിക്കാനുള്ള കെട്ടിടമാണ് നിർമ്മിക്കുക.
അനുവദിച്ച തുക
അഴീക്കോട് 3.08 കോടി രൂപ
കടപ്പുറം 3.63 കോടി
...............
തീരപ്രദേശങ്ങളിൽ രോഗ നിർവ്യാപന നടപടികൾ ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രികാല പട്രോളിംഗ് കർശനമാക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.
എസ്. ഷാനവാസ്
ജില്ലാ കളക്ടർ.