തൃശൂർ: 70 വർഷക്കാലമായി ലാലൂരിൽ തള്ളിയിരുന്ന ഖരമാലിന്യം ആധുനീക രീതിയിൽ ബയോമൈനിംഗ് ചെയ്യുന്നതിന് നഗരസഭാ തീരുമാനം. 2016ലെ ഖരമാലിന്യ പരിപാലന ചട്ടപ്രകാരം ശാസ്ത്രീയമായി ബയോമൈനിംഗ് ചെയ്യാനാണ് കഴിഞ്ഞ ദിവസം നഗരസഭാ കൗൺസിൽ തീരുമാനിച്ചത്.
ഭരണ സമിതിയുടെ ആരോപണം
1921ൽ ആരംഭിച്ച തൃശൂർ പഴയ മുനിസിപ്പാലിറ്റി 2021ൽ 100 വയസ്സ് തികയുകയും 2020 സെപ്തംബറിൽ കോർപറേഷനായിട്ട് 20 വർഷം പൂർത്തിയാകുകയും ചെയ്യുന്നു. ലാലൂർ എന്നത് ട്രഞ്ചിംഗ് ഗ്രൗണ്ട് എന്നാണ് എല്ലാവരുടെയും മനസ്സിൽ ആദ്യം ഓർമ്മ വരിക. ഈ പാതകത്തിന് ഉത്തരവാദി 90 വർഷത്തോളം ഭരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസാണ്. കാലാകാലങ്ങളിൽ മാലിന്യ രംഗത്ത് ഉയർന്നുവരുന്ന വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി സംസ്‌കരണ പദ്ധതികളും പുതിയ പ്ലാന്റുകളും വികേന്ദ്രീകരണവും നടപ്പാക്കാതിരിക്കുകയും വിവിധ കേന്ദ്രങ്ങൾ സംഭരിച്ച മാലിന്യങ്ങൾ ലാലൂരിൽ കൊണ്ടുപോയി തള്ളുകയും ചെയ്തതിന്റെ ഭാഗമായിട്ടാണ് ലാലൂർ മാലിന്യഭൂമിയായി മാറിയത്. 2005ൽ അധികാരത്തിൽ വന്ന ഡോ. ആർ. ബിന്ദു മേയറായിരുന്ന കാലഘട്ടത്തിൽ ലാംപ്‌സ് പദ്ധതി രൂപീകരിച്ചു. തുടർന്നുവന്ന കൗൺസിൽ അത് തകർത്തു. 2015ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് കൗൺസിൽ മാലിന്യവിഷയങ്ങൾ പഠിക്കുകയും കാലത്തിനനുസൃതമായ നൂതന സംവിധാനങ്ങൾ നടപ്പിലാക്കി വരികയുമാണ്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.എം. വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമ്മാണത്തിന്റെ ഭാഗമായി കുറെയധികം മാലിന്യം ഒഴിവാക്കി. അവശേഷിക്കുന്ന പ്ലാസ്റ്റിക്, റബ്ബർ ഉൾപ്പെടുന്ന ഖരമാലിന്യങ്ങൾ ബയോമൈനിംഗ് ചെയ്യുന്നതിനാണ് തീരുമാനം.
നഗരസഭയ്ക്ക് പിഴ
മാലിന്യ സംസ്‌കരണ രംഗത്തെ നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭയ്ക്ക് 4.56 കോടി രൂപ പിഴയിട്ടു. 1920 മുതൽ 2012 വരെ ലാലൂരിൽ നിക്ഷേപിച്ച ഖരമാലിന്യം ബയോമൈനിംഗ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ.
ഹൈക്കോടതി വിധി
30,000 വീടുകളിൽ നിന്ന് അജൈവ മാലിന്യം ശേഖരിച്ച് സംസ്‌കരിച്ച് വിൽക്കുന്നത് ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ ചൂണ്ടിക്കാട്ടി നഗരസഭ ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ പദ്ധതികൾ ബോദ്ധ്യപ്പെട്ട ഹൈക്കോടതി പിഴ അടക്കാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടി റദ്ദാക്കി.