ചാലക്കുടി: മുടിയൊക്കെ വെട്ടി മിനുക്കി, ഷേവ് ചെയ്തു. പ്രായം ചുളിവ് ചേർത്ത മുഖത്ത് അതോടെ നവോന്മേഷം. കർക്കടകം ഒന്നാണെന്ന് ഓർത്തല്ല, കൊരട്ടി വാലുങ്ങാമുറിയിലെ വറുതുണ്ണി അപ്പൂപ്പനെ ഇളയ മകൻ വർഗീസ് സുന്ദരനാക്കിയത്. വീട്ടിലേയ്ക്ക് വരുന്ന ബാർബറുടെ ഒഴിവായിരുന്നു പ്രധാനം.
കേരള കൗമുദി പ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് അപ്പൂപ്പന്റെ ജന്മദിനം വീട്ടുകാരും ഓർമ്മിക്കുന്നത്. നാട്ടുകാരുടെ പ്രിയപ്പെട്ട അപ്പൂപ്പൻ 108ാം വയസിലെത്തിയിരിക്കുന്നു. സെഞ്ച്വറിയും പൂർത്തിയാക്കി എട്ടാണ്ട് പിന്നിടുമ്പോൾ വലിയൊരു ഇന്നിംഗ്സിന്റെ ക്ഷീണം മുത്തച്ഛനുണ്ട്. പരസഹായമില്ലാതെ നടക്കാനാകുന്നില്ല. ഒന്നര വർഷമായി ഈ അവസ്ഥയാണ്. ഓർമ്മകളും ഇരുളടയുന്നു. പത്രം വായനയും നിന്നു. ഉറക്കം പകൽമാത്രം. രാത്രികളെ, സ്തുതി ഗീതങ്ങളും പ്രാർത്ഥനയുമായി തള്ളിനീക്കുന്നു. കഴിഞ്ഞ പ്രളയം വരെ കാൽക്കുടയും കുത്തിപ്പിടിച്ച് പള്ളിയിലേക്കുള്ള കണ്ടംകുളത്തി വറുതുണ്ണിയുടെ പോക്കും വരവും നാട്ടുകാർക്ക് നിത്യക്കാഴ്ചയായിരുന്നു. കണ്ണടയില്ലാതെ പത്രം വായന, കേൾവിയിലെ സൂക്ഷ്മത ഇതൊക്കെയായിരുന്നു പ്രത്യേകത. ജീവിത ശൈലി രോഗങ്ങൾ ഭയന്ന് മാറിനിന്നു.
എല്ലാവിധ ഭക്ഷണവും ഇഷ്ടപ്പെട്ടു, കഴിച്ചു. നാലര ക്ലാസിൽ പഠനം പൂർത്തിയാക്കി, വറുതുണ്ണി നേരെ ഇറങ്ങിയത് കൃഷിയിടത്തിലേക്കാണ്. പിതാവിനൊപ്പം ഇഞ്ചിപ്പുൽ കൃഷിയായിരുന്നു മുഖ്യ തൊഴിൽ. വാറ്റിയെടുത്ത ഇഞ്ചിപ്പുൽ തൈലം കാൽനടയായി വിറ്റ് നടന്ന കാലം കാരണവർ ഓർത്തെടുക്കാറുണ്ട്. രണ്ടു മഹാപ്രളയം അടക്കം മൂന്നു കനത്ത വെള്ളപ്പൊക്കങ്ങളെ മറികടന്നാണ് അപ്പൂപ്പന്റെ ജാതകം ഇതുവരെ എത്തിയത്.
99ലെ പ്രളയത്തിൽ വറുതുണ്ണി ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഓർമ്മകൾ വളരെ കുറവ്. എന്നാൽ 1962 ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് പറയാൻ നിരവധി കാര്യങ്ങൾ. എന്നാൽ 2018ലെ പ്രളയം അദ്ദേഹത്തിന് കേട്ടറിവ് മാത്രമായി. ഇളയ മകൻ വർഗീസിന്റെ കൂടെ തറവാട്ടിൽ താമസിക്കുന്ന അപ്പൂപ്പന് ഈ ഭാഗത്ത് വെള്ളമെത്താത്തതിനാൽ ഒന്നും കാണാനായില്ല. മൂത്തമകൾ മേരിയിലൂടെ അഞ്ചു തലമുറയുടെ അധിപനെന്ന ബഹുമതിയുമുണ്ട്. കൊല്ലവർഷമാണ് അപ്പൂപ്പൻ തന്റെ വയസ് കൃത്യതയ്ക്കായി ഓർത്തു വയ്ക്കാറ്. അങ്ങനെ 1195 കർക്കടകം ഒന്നിന് നൂറ്റിയെട്ടിലും എത്തിക്കഴിഞ്ഞു വാലുങ്ങാമുറിക്കാരുടെ കാരണവർ.