കയ്പമംഗലം: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിന്റെ കയ്പമംഗലം മൂന്നുപീടികയിലെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ കമ്പ്യൂട്ടറും അനുബന്ധ രേഖകളും പിടിച്ചെടുത്തു. ആറ് മാസമായി അടഞ്ഞു കിടന്നിരുന്ന പള്ളിത്താനം പുത്തൻപള്ളിക്ക് തെക്ക് ഭാഗത്തുള്ള വീട്ടിലാണ് കൊച്ചിയിൽ നിന്നെത്തിയ അഞ്ചംഗ കസ്റ്റംസ് സംഘം വില്ലേജ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ റെയ്ഡ് നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ന് എത്തിയ സംഘം ഫൈസലിന്റെ ബന്ധുക്കളിൽ നിന്നാണ് വീടിന്റെ താക്കോൽ വാങ്ങിയത്. നാല് മണിക്കൂർ നീണ്ട പരിശോധനയിൽ വീട്ടിലെ ഫെൽഫുകളിലും അലമാരകളിലുമുണ്ടായിരുന്ന രേഖകളാണ് പിടിച്ചെടുത്തത്. സ്വർണക്കടത്തിന് ഫൈസൽ പ്രധാന പങ്ക് വഹിച്ചെന്ന സൂചന ലഭിച്ചതിനെ തുടന്നായിരുന്നു റെയ്ഡ്.
കേസിൽ എൻ.ഐ.എ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന വ്യക്തിയാണ് ഫൈസൽ ഫരീദ്. പതിനഞ്ച് വർഷത്തിലേറെയായി വിദേശത്തുള്ള ഫൈസൽ, പിതാവിന് സുഖമില്ലാതായതോടെ ഒന്നരക്കൊല്ലം മുമ്പ് നാട്ടിൽ വന്നിരുന്നു. പിന്നീട് സുഖമില്ലാതിരുന്ന പിതാവിനെയും, ഉമ്മയെയും ദുബായിലെത്തിച്ചു.