ചാലക്കുടി: തൊഴിലുറപ്പ് പദ്ധതിയുടെ ചാലക്കുടി ബ്ലോക്ക് തല വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.കെ. ഷീജു പ്രകാശന കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബി.ഡി.ഒ കെ.കെ. ശങ്കരൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. 2019-20 വർഷത്തിൽ ആറു പഞ്ചായത്തുകളിലായി മൂന്നര ലക്ഷം തൊഴിൽ ദിനങ്ങൾ നൽകാനായെന്ന് പ്രസിഡന്റ് കെ.കെ. ഷീജു പറഞ്ഞു. ഇതുമൂലം ബ്ലോക്ക് പരിധിയിൽ ഒമ്പതര കോടി രൂപ കൂലിയിനത്തിൽ ലഭിച്ചു. 2020- 21 വാർഷിക പദ്ധതിയിൽ മൂന്നുമാസത്തിനകം നിരവധി പദ്ധതികളും നടപ്പാക്കി. 26 കുളങ്ങൾ നിർമ്മിക്കൽ, ആറ് ഹെക്ടർ തരിശുഭൂമിയിൽ കൃഷിയിറക്കൽ, 48 വ്യക്തിഗത തൊഴുത്ത് നിർമ്മാണം, 20 ആട്ടിൻകൂട്, 46 കോഴിക്കൂട് എന്നിവയുടെ നിർമ്മാണം നടപ്പാക്കാനും കഴിഞ്ഞു. ജില്ലയിൽ ആദിവാസികൾക്ക് 90 തൊഴിൽ ദിനങ്ങൾ നൽകാനും ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിനായി.