തൃശൂർ : റെഡ് ബട്ടണിൽ കൈവിരലമർത്തിയാൽ പൊലീസ് സേവനം ഉടനടിയെത്തും. തൃശൂർ സിറ്റി പൊലീസാണ് ഇന്റലിജന്റ്സ് റോബോട്ടിക്ക് സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള റെഡ്ബട്ടൺ സംവിധാനം ഒരുക്കിയത്. വ്യക്തിഗത വിവരം വെളിപ്പെടുത്താതെ തന്നെ ഏതൊരാൾക്കും റെഡ് ബട്ടണിലൂടെ സഹായമഭ്യർത്ഥിക്കുകയോ, കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ചെയ്യാം. സ്റ്റാർട്ട് അപ് മിഷനു കീഴിലുള്ള ആർ. ബട്ടൺ ടെക്‌നോളജി എന്ന സ്ഥാപനമാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. കോർപറേഷനുമായി സഹകരിച്ച് സിറ്റി പൊലീസ് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ. സി മൊയ്തീൻ നിർവഹിച്ചു. മേയർ അജിത ജയരാജൻ മുഖ്യാതിഥിയായി. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ അദ്ധ്യക്ഷത വഹിച്ചു. എ.സി.പി വി.കെ രാജു, ഈസ്റ്റ് എസ്.എച്ച്.ഒ ലാൽകുമാർ, കൺട്രോൾ റൂം എസ്.ഐ. വി. ബാബുരാജൻ എന്നിവരും പങ്കെടുത്തു.
റെഡ് ബട്ടൺ
നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കപ്പെടുന്ന റെഡ് ബട്ടൺ ടെർമിനലുകളിൽ കൈവിരലുകളമർത്തിയാൽ സഹായമാവശ്യപ്പെടുന്നയാൾ നിൽക്കുന്ന സ്ഥലവും പരിസരങ്ങളിലെ ചിത്രങ്ങളും പൊലീസ് കൺട്രോൾ റൂമിലെത്തും. അതോടൊപ്പം ഘടിപ്പിച്ചിട്ടുള്ള ഹോട്ട് ലൈൻ ടെലിഫോണിലൂടെ കൺട്രോൾ റൂമിലെ പൊലീസുദ്യോഗസ്ഥരുമായി നേരിട്ടു സംസാരിക്കാം. പൊലീസുദ്യോഗസ്ഥനുമായി ആശയവിനിമയം പൂർത്തിയായാൽ ഉടൻ തന്നെ ഇതിന്റെ വിശദാംശങ്ങൾ 24 മണിക്കൂറും നഗരത്തിൽ റോന്തുചുറ്റുന്ന കൺട്രോൾ റൂം പൊലീസ് വാഹനങ്ങളിലേക്ക് കൈമാറും. നിമിഷങ്ങൾക്കകം സുരക്ഷയ്ക്കായി പൊലീസ് വാഹനം സ്ഥലത്തെത്തും.
സാങ്കേതിക മേന്മകൾ
റെഡ് ബട്ടൺ ടെർമിനലുകളിൽ സ്ഥാപിച്ചിട്ടുള്ള ഹൈ ഡെഫിനിഷനിലുള്ള കാമറകൾ 360 ഡിഗ്രി ചുറ്റളവിൽ ദൃശ്യങ്ങൾ ഒപ്പിയെടുക്കും
കുറ്റവാളികളുടെ മുഖം കൃത്യമായി ഒപ്പിയെടുക്കുന്നതിനും, കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാനുമാകും.
വിവരങ്ങൾ കമാൻഡ് സെന്റർ വഴി, തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷൻ, കൺട്രോൾ റൂം, ഫ്‌ളയിംഗ് സ്‌ക്വാഡ്, പട്രോളിംഗ് വാഹനങ്ങൾ എന്നിവയിലേക്ക് പെട്ടെന്ന് കൈമാറാം.
ആദ്യഘട്ടത്തിൽ രണ്ടിടത്ത്
കോർപറേഷൻ ഓഫീസ് പരിസരത്തും ശക്തൻ നഗറിലും