ചാലക്കുടി: വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് പൊതു ക്വാറന്റൈൻ കേന്ദ്രം ആരംഭിക്കുന്നതിന് നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാഹചര്യമില്ലാത്തവർക്കായാണ് കേന്ദ്രം.

സാമ്പത്തിക പ്രശ്‌നമുള്ളവർക്ക് പൊതു ക്വാറന്റൈൻ കേന്ദ്രം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നേരത്തെ ചെയർപേഴ്‌സന് കത്ത് നൽകിയിരുന്നു. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്, റിവേഴ്‌സ് ക്വാറന്റൈൻ എന്നിവയുടെ കേന്ദ്രങ്ങൾക്കായി പനമ്പിള്ളി കോളേജ്, സി.സി.എം.കെ. ആശുപത്രി എന്നീ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.

കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ നടപ്പാക്കാൻ കഴിയാതിരുന്ന നൂറോളം പ്രവൃത്തികൾ ഉടൻ ആരംഭിക്കുന്നതിനും തീരുമാനിച്ചു. ഇതു സംബന്ധിച്ച് കരാറുകാരുമായി ഉടൻ ചർച്ച നടത്തും. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പി.എം. ശ്രീധരൻ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, അഡ്വ. ബിജു ചിറയത്ത്, യു.വി. മാർട്ടിൻ, കെ.വി. പോൾ തുടങ്ങിവയർ ചർച്ചയിൽ പങ്കെടുത്തു.

കൊവിഡ് പ്രോട്ടോക്കോൾ മാനിച്ച് ജൂബിലി ഹാളിൽ നടന്ന യോഗത്തിൽ മാദ്ധ്യമ പ്രവർത്തകർക്ക് പ്രവേശനമുണ്ടായില്ല.