തൃശൂർ: കൊവിഡ് രോഗവ്യാപനം വർദ്ധിച്ചാൽ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തി ഫസ്റ്റ് ലൈൻ കൊവിഡ് സെന്ററുകൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടം നടപടികൾ തുടങ്ങി. കൊവിഡ് ഫസ്റ്റ് ലൈൻ സെന്ററുകളുടെ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥൻ ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. ഇതനുസരിച്ചു തൃശൂർ ദയ ജനറൽ ആശുപത്രിയിൽ പ്രത്യേക കൊവിഡ് കെയർ സെന്റർ തുടങ്ങും. മുകുന്ദൻ മേനോൻ സ്മാരക കൊവിഡ് കെയർ സെന്റർ എന്ന പേരിട്ട സെന്ററിൽ 50 കിടക്കളും 5 ഐ.സി.യുകളും ഒരുക്കും. ആവശ്യമെങ്കിൽ 15 ഐ.സി.യു കിടക്കകളും തയ്യാറാക്കും. സെന്ററിൽ മന്ത്രി എ. സി. മൊയ്തീൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. വി. കെ. അബ്ദുൾ അസീസ്, ചെയർമാൻ പ്രൊഫ. കെ. പി. മുഹമ്മദ് കോയ, ഡയറക്ടർ എം. എ. അബ്ദുൾ ജബ്ബാർ, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ഫാസിൽ അബൂബക്കർ, ഇൻഫെക്ഷൻ കൺട്രോൾ മേധാവി ഡോ. കാവ്യ, അഡ്മിനിസ്‌ട്രേറ്റർ കെ. ജയരാജൻ തുടങ്ങിയവർ സംബന്ധിച്ചു.