peeda

പുതുക്കാട്: പ്രായപൂർത്തിയാവുന്നതിന് മുമ്പ് പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചു. കുട്ടിയെ വേണ്ടെന്ന് പെൺകുട്ടി പറഞ്ഞതോടെ പഞ്ചായത്ത് അധികൃതർ ശിശുക്ഷേമ സമിതിയെ അറിയിച്ചു. തുടർന്ന് അമ്മയെയും കുട്ടിയെയും പഞ്ചായത്ത് അധികൃതർ തന്നെ പുല്ലഴിയിലെ ശിശുക്ഷേമ സമിതിയുടെ അഗതിമന്ദിരത്തിൽ എത്തിച്ചു. ഛത്തീസ്ഗഢ് സ്വദേശിയായ പെൺകുട്ടിക്കൊപ്പം ബന്ധുക്കൾ ആരുമില്ല. പെൺകുട്ടിയുടെ കൈവശമുള്ള ആധാർ കാർഡിൽ 2002 ൽ ആണ് ജനിച്ചവർഷം രേഖപ്പെടുത്തിയിട്ടുള്ളത്. മാസവും തീയതിയും രേഖപ്പെടുത്തിയിട്ടില്ല. അവിവാഹിതയായ പെൺകുട്ടിയെ പീഡിപ്പിച്ചതാരാണെന്ന് വെളിപ്പെടുത്താൻ പെൺകുട്ടി തയ്യാറായിട്ടില്ല. ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അഞ്ച് ദിവസം മുമ്പ് ആൺകുട്ടിക്ക് ജന്മം നൽകിയത്. ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയതോടെയാണ് കുട്ടിയെ തനിക്ക് വേണ്ടന്ന് പെൺകുട്ടി പറഞ്ഞത്. ആദ്യം കല്ലൂരിലെ ഓട്ടു കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്ന് പറയുന്നു. അഞ്ച് മാസം മുമ്പാണ് വെണ്ടോരിലെ കമ്പനിയിലെത്തിയത്. ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്ന് അംഗൻവാടിയിൽ നിന്ന് പോഷകാഹാരം നൽകിയിരുന്നു. ഓട്ടുകമ്പനിയിൽ തന്നെയാണ് പെൺകുട്ടി താമസിച്ചിരുന്നത് . പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാനത്തു നിന്നുള്ള ഒട്ടേറെ പെൺകുട്ടികൾ മേഖലയിലെ പല കമ്പനികളിലും വേണ്ടത്ര സുരക്ഷിതത്വമില്ലാതെയാണ് ജോലി ചെയ്യുന്നത്.