കൊടുങ്ങല്ലൂർ: ലോകമലേശ്വരം ഉഴുവത്ത്കടവിൽ കല്പക റോഡിനു സമീപമുള്ള സ്റ്റൈൽ ഹോം ഇൻഫാം ഹൗസിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വൃക്തിയെ ജനവാസ കേന്ദ്രത്തിൽ ഇറക്കിവിട്ടതിനെ ചൊല്ലി പ്രതിഷേധം. ഇവിടെ വാടകയ്ക്ക് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരെ കൊടുങ്ങല്ലൂരിലെ താലൂക്ക് ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു. ഈ കേന്ദ്രത്തിലേക്ക് നല്ല രീതിയിൽ വാഹനസഞ്ചാരത്തിനുള്ള സൗകര്യമുണ്ട്. എന്നിട്ടും ജനവാസ കേന്ദ്രമായ റോഡിലേക്ക് ഇവരെ വിളിച്ചു വരുത്തി ആംബുലൻസിൽ കയറ്റിക്കൊണ്ടുപോവുകയും തിരിച്ച് അവിടെ തന്നെ ഇറക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
കഴിഞ്ഞ ദിവസം ഇവിടെ താമസിച്ചിരുന്ന തമിഴ്നാട്ടുകാരനായ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഈ സംഭവത്തോടെ ഇവിടുത്തെ ജനങ്ങളിൽ ചെറിയ തോതിലെങ്കിലും ഭീതി വളർന്നിരുന്നു. ഇത്തവണയും 108 ആംബുലൻസ് ഡ്രൈവർ ഇതു തന്നെ ആവർത്തിച്ചതോടെയാണ് സമീപവാസികൾ ഇടപെട്ടത്. ആംബുലൻസ് ഡ്രൈവറോട് ഇക്കാര്യം ഉന്നയിച്ചെങ്കിലും അയാൾ തട്ടിക്കയറുകയായിരുന്നുവെന്ന് പറയുന്നു. ഫാം ഹൗസ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും ഇയാളും ഒഴിഞ്ഞു മാറി. തുടർന്ന് പൊലിസിനെ വിളിച്ചു വരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് ആംബുലൻസ് ഡ്രൈവർക്ക് കർശനമായ താക്കീത് നൽകിയതിനെ തുടർന്നാണ് പരിസരവാസികൾ പിരിഞ്ഞു പോയത്.