തൃശൂർ: രോഗികൾ മരിച്ചതോടെ ഡോക്ടർമാർ അടക്കം അമ്പതിലേറെ ആരോഗ്യപ്രവർത്തകർ ക്വാറന്റൈനിലായതോടെ ഗവ. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ പ്രതിസന്ധി തരണം ചെയ്യാൻ തീവശ്രമം. അത്യാഹിത വിഭാഗത്തിലെ നഴ്‌സുമാർ അടക്കമുള്ളവർക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കി. ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെയും കൊവിഡ് ലക്ഷണം ഉള്ളവരെയും പി.പി.ഇ. കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാകും ചികിത്സിക്കുക.
അത്യാഹിത വിഭാഗത്തിൽ മരിക്കുന്നവരുടെ സ്രവസാമ്പിൾ ശേഖരണവും ഇവർ നടത്തും. പോസ്റ്റ്‌മോർട്ടത്തിനിടെ സ്രവശേഖരണം ഉണ്ടാകില്ല. മറ്റ് വിഭാഗങ്ങളിൽ നിന്ന് കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും അത്യാഹിതവിഭാഗത്തിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്. അതേസമയം, അവിടെ ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിൽ മരിച്ച കൊണ്ടാഴി സ്വദേശിനിക്ക് ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനയിലും ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
പക്ഷേ, ട്രൂനാറ്റ് പരിശോധനയെ തുടർന്ന് മെഡിക്കൽ ബോർഡ് തീരുമാനപ്രകാരം ജീവനക്കാർക്ക് ക്വാറന്റൈനിൽ പോകേണ്ടി വന്നു. കൊവിഡില്ലെന്ന് സ്ഥിരീകരിച്ചാലും മുൻകരുതലിന്റെ ഭാഗമായി ക്വാറന്റൈൻ തുടരുകയാണ്. സംസ്ഥാനത്ത് തിരുവനന്തപുരത്ത് സാമൂഹിക വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തൃശൂരിൽ അത്തരം സാഹചര്യമുണ്ടാവുകയാണെങ്കിൽ രോഗികളെ ചികിത്സിക്കുന്നതിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കണമെന്നാണ് ധാരണ. ഇതനുസരിച്ചുളള മുന്നൊരുക്കം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശക്തമാക്കേണ്ടതുണ്ട്. ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പക്ഷേ, അതേസമയം അത്യാഹിത വിഭാഗങ്ങളിലും കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാണ് ആവശ്യം. കൊവിഡ് ചികിത്സയ്ക്ക് നിലവിൽ 150 പേർ അടങ്ങിയ ബാച്ചാണ് പ്രവർത്തിക്കുന്നത്.
ക്വാറന്റൈൻ കണക്ക്
അരിമ്പൂർ സ്വദേശിനി മരിച്ചതോടെ ക്വാറന്റൈനിൽ പോയത്
ഡോക്ടർമാരടക്കം 10 പേർ
കൊണ്ടാഴി സ്വദേശിനി മരിച്ചപ്പോൾ
ആറ് ഡോക്ടർമാരടക്കം 25 ജീവനക്കാർ
അവിട്ടത്തൂർ സ്വദേശി മരിച്ചപ്പോൾ: 20 ജീവനക്കാർ
മൊത്തം ഡോക്ടർമാർ: 20
മറ്റ് ജീവനക്കാർ: 30 ലേറെ
........................
''സേവനസന്നദ്ധരായ 117 താത്കാലിക ഡോക്ടർമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും ജോലി ചെയ്യാൻ തയ്യാറായത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയോഗിക്കാനുളള ശ്രമം തുടരുമ്പോഴും ഭൂരിഭാഗം പേരും തയ്യാറാവുന്നില്ലെന്നതാണ് പ്രശ്‌നം. ''
ഡോ. കെ.ജെ റീന, ഡി.എം.ഒ