k-surendran

തൃശൂർ : എൻ.ഐ.എ അന്വേഷണം സ്വന്തം ഓഫീസിലെത്തിയിട്ടും ധാർമ്മികതയുടെ പേരിൽ രാജിവയ്ക്കാതെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തന്റെ ഓഫീസിൽ എന്ത് നടക്കുന്നു എന്ന് അറിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് മൂന്നരക്കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ കൂടാരമായി. പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് എതിരെ ഗുരുതര ആരോപണം വന്നപ്പോഴും മുഖ്യമന്ത്രി ഒട്ടകപ്പക്ഷി നയമാണ് സ്വീകരിച്ചത്. പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന്റെ മറവിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും മറ്റ് വകുപ്പുകളിലും നടന്ന നിയമനങ്ങൾ റദ്ദാക്കണം. ആരെയൊക്കെയാണ് ഇങ്ങനെ നിയമിച്ചതെന്ന് വെളിപ്പെടുത്തണം. ശിവശങ്കരന്റെ നേതൃത്വത്തിൽ ഐ.ടി വകുപ്പ് ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനി ലാഭമുണ്ടാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. പാർട്ടി നിയന്ത്രണത്തിലുള്ള ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ശതകോടികളുടെ ലാഭമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ക്രമക്കേടുകളെക്കുറിച്ച് അറിഞ്ഞിട്ടും പാർട്ടി നേതൃത്വം ഇടപെടാത്തത് നേതാക്കൾക്ക് പങ്കുള്ളതുകൊണ്ടാണ്. ശിവശങ്കരനും അരുൺ ബാലചന്ദ്രനും എതിരെ ക്രിമിനൽ കേസെടുക്കണം. മുഖ്യമന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മേഖലാപ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്‌ കുമാർ, ജനറൽ സെക്രട്ടറിമാരായ കെ.ആർ. ഹരി, ടി.എസ്. ഉല്ലാസ് ബാബു എന്നിവരും പങ്കെടുത്തു.