തൃശൂർ : അസംഘടിത സാമൂഹിക വിഭാഗമായ കുംഭാര സമുദായം പുതിയ കൂട്ടായ്മ രൂപീകരിക്കുന്നു. വിദ്യാഭ്യാസപരമായും തൊഴിൽപരമായും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ജനസമൂഹമായ ഭൂരിഭാഗം കുംഭാരന്മാരുടെ ജീവിതവും ശരാശരി ജീവിത നിലവാരത്തിനും താഴെയാണ്. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ പൊതുധാരയിൽ നിന്നും ഇവർ പലപ്പോഴും തഴയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കുംഭാര സമുദായത്തിന്റെ ശാക്തീകരണം ലക്ഷ്യം വച്ച് ഒരു സൊസൈറ്റി രൂപപ്പെടുന്നത് എന്നു ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു പ്രസ്താവനയിലൂടെ അറിയിച്ചു.
ഒ.ബി.സി മോർച്ചയുടെ സഹായത്താൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ പാരമ്പര്യ തൊഴിലുകളിൽ ഒന്നായ മൺപാത്ര വ്യവസായത്തിന് പുതിയ വിപണി കണ്ടെത്തുമെന്ന് റിഷി പല്പു പറഞ്ഞു. ലോക് ഡൗൺ മൂലം നിലച്ചുപോയ മൺപാത്ര വിൽപ്പന തുടരാനും ഓൺലൈൻ പോർട്ടലുകൾ ഉൾപ്പെടെയുള്ള വിപണന സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനും ഈ സൊസൈറ്റിയുടെ രൂപീകരണത്തിലൂടെ സാദ്ധ്യമാകുമെന്ന് റിഷി പൽപ്പു പറഞ്ഞു.