കൊടകര: കാഴ്ചയില്ലെങ്കിലും വീടും ചുറ്റുവട്ടവും നല്ല തിട്ടമാണ് മാളുവിന്. പകൽ മുഴുവൻ മുറ്റത്തുണ്ടാകും. പ്രത്യേകം പുല്ല് സൂക്ഷിച്ചിട്ടുണ്ടാകും. വിശക്കുമ്പോൾ തനിയെ അതെടുത്ത് കഴിക്കും. രാത്രിയാകുമ്പോൾ തനിയെ കൂട്ടിൽ കയറും. കണ്ണുകാണില്ലെങ്കിലും സർവതന്ത്രസ്വതന്ത്രയാണ് മാളുവെന്ന പെണ്ണാട്. കൊടകര മറ്റത്തൂർ കുന്നിലെ മലയാറ്റിൽ തങ്കപ്പന്റെയും ഭാര്യ ലതികയുടെയും ഓമനയാണവൾ. ശാരീരിക പരിമിതികളുള്ള മനുഷ്യരെ നിഷ്‌കരുണം പുറന്തള്ളുന്ന ലോകത്താണ് കണ്ണ് കാണാത്ത മൂന്നുവയസുകാരി മാളുവിന് ഈ കുടുംബം കരുണ കൊണ്ട് കരുതലായത്.
ഇവരുടെ വീട്ടിലുണ്ടായ ആട് പ്രസവിച്ച രണ്ട് കുട്ടികളിൽ ഒന്ന് എതാനും നാളുകൾക്കുള്ളിൽ ചത്തു. ശേഷിച്ച കുഞ്ഞിന് നടക്കുന്നതിലും മറ്റും അസ്വാഭാവികത കണ്ടെത്തിയതോടെ തങ്കപ്പൻ മൃഗഡോക്ടറെ സമീപിക്കുകയായിരുന്നു. തൃശൂരിലെയും മണ്ണുത്തിയിലെയും വിദഗ്ദ്ധ മൃഗഡോക്ടർമാരെ കാണിക്കാൻ നിർദ്ദേശിച്ചു. ചികിത്സിച്ച് കാഴ്ച്ച ശക്തി വീണ്ടെടുക്കാനാവില്ലെന്ന് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. ഇതോടെ ആട്ടിൻകുട്ടിയോട് വീട്ടുകാർക്ക് തോന്നിയ സഹതാപം സ്‌നേഹമായി മാറി. മാളുവെന്ന് പേരിട്ട് ഓമനയായി വളർത്തി. വീട്ടിലുള്ളവരുടെ ശബ്ദം മാളുവിന് സുപരിചിതമാണ്. മറ്റ് ആടുകളെപ്പോലെ അവളെ കെട്ടിയിടാറില്ല. കഴിഞ്ഞ മാസം മൂന്നാമത്തെ പ്രസവം കഴിഞ്ഞതോടെ മാളുവിന് രണ്ട് കുഞ്ഞുങ്ങളുമായി. പരിമിതികളൊന്നുമില്ലാതെ അമ്മയായി രണ്ട് കുഞ്ഞുങ്ങളെയും പരിചരിക്കുന്നുണ്ട് മാളു. വീടിനടുത്ത് വരെ വെള്ളമെത്തിയ പ്രളയകാലത്താണ് മാളുവിനെച്ചൊല്ലി ഏറെ വിഷമിക്കേണ്ടി വന്നതെന്ന് ലതിക പറഞ്ഞു. കാഴ്ചയില്ലാത്തതിനാൽ കുഞ്ഞായിരിക്കെത്തന്നെ വിറ്റ് കൈയൊഴിയാൻ ഉപദേശിച്ചവരുണ്ടേറെ. ആ കുടുംബത്തിന്റെ തീരുമാനത്തിന് സ്‌നേഹം കൊണ്ട് പകരം ചെയ്യുന്നുണ്ട് മാളു. ഒരു നിമിഷം പോലും ഈ വീട്ടുകാരെ പിരിഞ്ഞിരിക്കില്ല മാളുവെന്ന ഈ പെണ്ണാട്. വീട്ടുകാരുടെ ശബ്ദം ഇടയ്ക്കിടെ കേട്ടില്ലെങ്കിൽ മാളു ദീനമായി കരയും. അതു കൊണ്ട് തന്നെ കുടുംബ സമേതമുള്ള യാത്രകൾ പോലും ഉപേക്ഷിച്ചിരിക്കുകയാണ് ഈ കുടുംബവും.