തൃശൂർ: കയർ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ രാജ്യത്ത് ഈ വർഷം 30 കോടിയുടെ വർദ്ധന. ആകെത്തുക 2757.90 കോടിയിലെത്തിയതോടെ ,ഇത് എക്കാലത്തെയും ഉയർന്ന കയറ്റുമതിയായി.2019-20 ൽ 9,88,996 മെട്രിക് ടൺ കയർ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. 2018-2019 ൽ 9,64,046 മെട്രിക് ടണ്ണായിരുന്നു.
ആഭ്യന്തര വിപണിയിലും കയർ ഉലത്പന്നങ്ങളുടെ ആവശ്യം വർദ്ധിച്ചു. തുറമുഖങ്ങളിലൂടെയാണ് ഭൂരിഭാഗവും കയറ്റുമതി . ഇതിൽ 99 ശതമാനവും തൂത്തുക്കുടി, കൊച്ചി, ചെന്നൈ തുറമുഖം വഴിയും.
കേരളം നഷ്ടപ്രതാപം
വീണ്ടെടുക്കുന്നു
നാളികേര വിഹിതത്തിന്റെ 75 ശതമാനമുണ്ടായിരുന്ന കേരളമായിരുന്നു കയർ ഉത്പാദനത്തിൽ മുന്നിലെങ്കിൽ. പിന്നീടിത് അമ്പത് ശതമാനമായി ചുരുങ്ങി. 250 വില്ലേജുകളിലെ അഞ്ചര ലക്ഷം പേരുടെ ഉപജീവനമായിരുന്നു കയർ വ്യവസായം. 1980 ന് ശേഷം കേരളത്തിലെ കയർ മേഖല കണ്ണീരിലായി. ഈ മേഖലയിലുള്ളവർ 75,000 ആയി ചുരുങ്ങി.
എന്നാൽ,കയർ കേരള പദ്ധതിയും രണ്ടാം കയർ പുനഃസംഘടനയും സമഗ്രമായ യന്ത്രവത്കരണത്തിന് രൂപം നൽകിയതോടെ പുനർജന്മമായി. കയർ സഹകരണ സംഘങ്ങളെ ആധുനിക യന്ത്രവത്കൃത ഫാക്ടറികളാക്കി മാറ്റുന്നു. മൂന്ന് വർഷം മുമ്പ് പതിനായിരം ടണ്ണിൽ താഴെയായിരുന്ന ഉത്പാദനം 2017-18 ൽ 14,500 ടണ്ണായി .
2019-20 ൽ 20,000 ടൺ..2020-21 ൽ 40,000 ടണ്ണായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
കയറ്റുമതി (മെട്രിക് ടൺ)
തൂത്തുക്കുടി- 5,19,144
കൊച്ചി- 2,17,930
ചെന്നൈ- 2,38,970
വിശാഖപട്ടണം- 11,578
മുംബയ്- 1145
കൊൽക്കത്ത- 113
മംഗലാപുരം- 41