തൃശൂർ : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന നായരെ പാർപ്പിച്ചിരുന്ന അമ്പിളിക്കല കൊവിഡ് കെയർ സെന്ററിലെ റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വപ്‌നയെ അവിടെ നിന്ന് കൊണ്ട് പോയ ശേഷമാണ് ഇവിടേക്ക് എത്തിച്ച പ്രതിക്ക് കൊവിഡ് സ്ഥീരികരിച്ചത്. ഇതോടെ കെയർ സെന്റർ അടച്ചു പൂട്ടി. ഇവിടെ ഉണ്ടായിരുന്ന മൂന്നു വനിതാ റിമാൻഡ് പ്രതികളടക്കം 52 പേരെ നിരീക്ഷണത്തിലാക്കി. കൂടാതെ പ്രതികളെ കൊണ്ട് 9 പൊലീസുകാരെയും 10 ജയിലധികൃതരെയും നിരീക്ഷണത്തിലാക്കി.
പിടിച്ചു പറി കേസിലെ പ്രതിയായ ഇയാളെ അങ്കമാലിയിൽ നിന്ന് 14 നാണ് കൊവിഡ് കെയർ സെന്ററിൽ എത്തിച്ചത്. ഇവിടെ കൊണ്ടുവരുന്ന പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് ജയിലുകളിലേക്ക് വിടാറുള്ളത്. കൊവിഡ് ടെസ്റ്റ് ഫലം ലഭിക്കാൻ വൈകുന്നത് അധികൃതരെ വലയ്ക്കുന്നു. പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജയിലധികൃതരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജയിൽ വാർഡൻമാർക്ക് ജോലി ക്രമീകരിച്ചിരിക്കുന്നത്. പരിശോധനാ ഫലം വൈകുന്നത് മൂലം കെയർ സെന്ററിലുള്ള ഒരു പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ മൂന്നു ഷിഫ്റ്റിലെയും ജീവനക്കാർ നിരീക്ഷണത്തിലിരിക്കേണ്ട അവസ്ഥയാണ്. കൂടാതെ ഇവർ സമ്പർക്കം പുലർത്തുന്ന മറ്റ് പ്രതികൾക്ക് 14 ദിവസം നിരീക്ഷണവും പരിശോധനയും വേണ്ടി വരും.