കുന്നംകുളം: ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വൃദ്ധയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ഞൂർ റോഡ് തെക്കേപ്പുറത്ത് വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ തങ്കയാണ് (68) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരെ പുറത്തേക്ക് കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തങ്കയുടെ ബന്ധുവായ നഗരസഭാ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വ്യാഴാഴ്ച ഇവർ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. റിസൽട്ട് വരാനിരിക്കെയാണ് ആത്മഹത്യ. തങ്കയുടെ അയൽ വീടുകളിലെ ഇരുപതോളം പേർ നിരീക്ഷണത്തിലാണ്. കുന്നംകുളം ഗവ. ഗേൾസ് സ്‌കൂൾ പാചകക്കാരിയായിരുന്നു. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.