ചാലക്കുടി: പലവട്ടം നിശ്ചലമായ ശേഷം വീണ്ടും ആരംഭിച്ച ചാലക്കുടി ദേശീയ പാതയിലെ അടിപ്പാതയുടെ നിർമ്മാണം ഊർജ്ജിതം. അടിത്തട്ടിലെ റാഫ്ട് കോൺക്രീറ്റിംഗ് ശനിയാഴ്ച ഉച്ച മുതൽ തുടങ്ങി. മുപ്പതോളം തൊഴിലാളികളാണ് പ്രവൃത്തിയിൽ കർമ്മനിരതരായുള്ളത്. പ്രവൃത്തികൾക്കായി ലോഡ് കണക്കിന് സിമന്റ് ചാക്കുകൾ ഇറക്കിയിട്ടുണ്ട്.
മഴ ശക്തമാകുന്നതിന് മുമ്പ് കോൺക്രീറ്റിംഗ് പൂർത്തീകരിക്കാനാണ് ആലോചന. ആഴ്ചകൾക്ക് മുമ്പേ അടിപ്പാതയുടെ നിർമ്മാണം പുനരാരംഭിച്ചിരുന്നു. കോൺക്രീറ്റിംഗിന് മുമ്പ് സ്ഥാപിച്ച കമ്പികൾ തുരുമ്പെടുത്തത് മാറ്റലായിരുന്നു ആദ്യ ജോലി. ഇവ മൊത്തമായി മാറ്റി പുതിയ കമ്പികൾ ഒരുക്കി. ഇതിന് പുറമെ ശുചീകരണവും നടത്തി. തുടർന്നാണ് കോൺക്രീറ്റിംഗ് ആരംഭിച്ചത്.
മഴക്കാലമായതിനാൽ പ്രവൃത്തികൾക്ക് വേഗം കുറയുമെന്നാണ് കരാറുകാർ പറയുന്നത്. കൊവിഡ് പ്രതിസന്ധി മൂലം അതിഥി തൊഴിലാളികളെ പണിക്കെത്തിക്കാൻ സാധിക്കാത്തതും പ്രവർത്തനങ്ങൾക്ക് വേഗം കുറയ്ക്കുന്നുണ്ട്. മുനിസിപ്പൽ ജംഗ്ഷനിലെ സിഗ്‌നൽ സംവിധാനം ഒഴിവാക്കാനായാണ് അടിപ്പാത നിർമ്മിക്കുന്നത്.
26 കോടി രൂപ ചെലവിൽ നടക്കുന്ന പ്രവൃത്തിയുടെ നിർമ്മാണം ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിക്കാണ് ദേശീയപാതാ അധികൃതർ കരാർ നൽകിയത്. ഇവരുടെ ഉപകരാറുകാരായ കെ.എം.സിക്കായിരുന്നു ഇതുവരെ നിർമ്മാണച്ചുമലത. എന്നാൽ മുടങ്ങിയും തുടങ്ങിയും പ്രതിസന്ധിയിലായ പ്രവർത്തനങ്ങൾ പിന്നീട് എറണാകുളത്തെ യൂണിക്ക് ആൻഡ് ഭാരതീയ കമ്പനിയെ ഏൽപ്പിച്ചു.
എൻ.എച്ച്.എയിൽ നിന്നും കൈപ്പറ്റിയ മൂന്നു കോടി രൂപ കെ.എം.സിക്കാർ പുതിയ ഉപകരാറുകാർക്ക് നൽകാതായപ്പോഴാണ് വീണ്ടും കാര്യങ്ങൾ അവതാളത്തിലായത്. ഇതേത്തുടർന്ന് കെ.എം.സിയെ ഒഴിവാക്കി മൊത്തം ചുമതല എറണാകുളത്തെ ഏജൻസിക്ക് നൽകുകയായിരുന്നു.