ചാവക്കാട്: നഗരസഭയിലെ താത്കാലിക ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചാവക്കാട് വീണ്ടും ആശങ്ക. നഗരസഭയിലെ നൈപുണ്യ പരിശീലന (എൻ.യു.എൽ.എം) വിഭാഗത്തിലെ ജീവനക്കാരിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് നഗരസഭാ അദ്ധ്യക്ഷൻ എൻ.കെ. അക്ബർ ഉൾപ്പെടെ കൗൺസിലർമാരും നഗരസഭാ ജീവനക്കാരും അടക്കം നൂറോളം പേർ സ്വയം നിരീക്ഷണത്തിൽ പോയി.
കൗൺസിലർമാർ, ജീവനക്കാർ തുടങ്ങി നൂറോളം പേരുടെ സ്രവം താലൂക്ക് ആശുപത്രിയിൽ ഇന്ന് പരിശോധനയ്ക്കെടുക്കും. കുന്നംകുളം, ചാവക്കാട് നഗരസഭകളുടെ ചുമതലയുള്ള എൻ.യു.എൽ.എം ഉദ്യോഗസ്ഥനിൽ നിന്നാകാം രോഗം പകർന്നതെന്ന് കരുതുന്നു. ആഴ്ചയിൽ രണ്ട് ദിവസം ഈ ഉദ്യോഗസ്ഥൻ ചാവക്കാട് എത്തും. ഈ ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് എൻ.യു.എൽ.എം വിഭാഗത്തിലെ രണ്ട് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരിൽ ഒരാൾക്കാണ് രോഗമുണ്ടെന്ന് തെളിഞ്ഞത്.
ഒരു മാസം മുമ്പ് താലൂക്ക് ആശുപത്രിയിലെ ഒമ്പത് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയും, ചാവക്കാട് നഗരവും അടച്ചു പൂട്ടിയിരുന്നു. ഇവരുടെ കുടുംബാംഗങ്ങൾക്ക് ആർക്കും രോഗമില്ലെന്ന് തെളിഞ്ഞതോടെ ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.