കൊടുങ്ങല്ലൂർ: നഗരസഭയിൽ നിന്ന് ചാക്കുകളിൽ തൊഴിലാളികൾ നിറച്ചു വച്ച അജൈവ മാലിന്യം ശുചിത്വ മിഷന്റെ അംഗീകൃത ഏജൻസികൾക്ക് അയച്ചു തുടങ്ങി. നഗരസഭയിലെ വിവിധ വാർഡുകളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന വഴി ശേഖരിച്ച ഖരമാലിന്യമാണ് നഗരസഭയിലെ സാനിറ്റേഷൻ തൊഴിലാളികൾ ചേർന്ന് ചാക്കുകളിൽ നിറച്ച് അയയ്ക്കുന്നത്.
വീടുകളിൽ നിന്ന് ഖരമാലിന്യം ശേഖരിക്കുന്നതിന് നഗരസഭയുടെ ഹരിത കർമ്മ സേനക്ക് വീടുകൾ 50 രൂപയും സ്ഥാപനങ്ങൾ 100 രൂപയുമാണ് ഒരു മാസം നൽകുന്നത്. ഹെൽത്ത് സൂപ്പർവൈസർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇങ്ങിനെ ശേഖരിച്ച 12 ടൺ അജൈവ മാലിന്യമാണ് രണ്ട് ലോറികളിലായി അയച്ചത്.
വീടുകളിലുണ്ടാകുന്ന ജൈവ മാലിന്യം വീടുകളിൽ തന്നെ സംസ്കരിക്കുന്നതിന് 1500 ബയോഗ്യാസ് പ്ലാന്റുകളും 4300 ബയോഡൈജസ്റ്റർ പോട്ടുകളും 90 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. 13,500 രൂപ വിലയുള്ള ബയോഗ്യാസ് പ്ലാന്റ് സബ്സിഡി കഴിച്ച് 1350 രൂപക്ക് 250 എണ്ണം വീടുകളിൽ നൽകി കഴിഞ്ഞു.1550 രൂപ വിലയുള്ള ബയോ പോട്ടുകൾ സബ്സിഡി കഴിച്ച് 155 രൂപയ്ക്ക് 650 എണ്ണം വിതരണം ചെയ്തു. നഗരസഭയിലെ റസിഡൻസ് അസ്സോസിയേഷനുകൾ വഴിയും വിതരണം നടന്നു കൊണ്ടിരിക്കുന്നതായി ചെയർമാൻ പറഞ്ഞു. ആവശ്യമുള്ളവർ നഗരസഭയിലെത്തി അപേക്ഷ പൂരിപ്പിച്ച് നൽകി പണമടച്ചാൽ ഇവ രണ്ടും നൽകുമെന്ന് അധികൃതർ പറഞ്ഞു.
ഇവയുടെ വിതരണത്തിലൂടെയും നഗരസഭ നടത്തിക്കൊണ്ടിരിക്കുന്ന ബോധവത്കരണ പരിപാടികളിലൂടെയും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ രാത്രിയുടെ മറവിൽ വലിച്ചെറിയുന്ന മാലിന്യത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി ചെയർമാൻ പറഞ്ഞു.
......................
ശേഖരിച്ച 12 ടൺ അജൈവ മാലിന്യമാണ് രണ്ട് ലോറികളിലായി അയച്ചത്.
വീടുകളിൽ നിന്ന് ഖരമാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനക്ക് വീടുകൾ 50 രൂപയും സ്ഥാപനങ്ങൾ 100 രൂപയുമാണ് നൽകുന്നത്
ജൈവ മാലിന്യം വീടുകളിൽ തന്നെ സംസ്കരിക്കുന്നതിന് 1500 ബയോഗ്യാസ് പ്ലാന്റുകളും 4300 ബയോഡൈജസ്റ്റർ പോട്ടുകളും 90 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നുണ്ട്
ആവശ്യമുള്ളവർ നഗരസഭയിലെത്തി അപേക്ഷ പൂരിപ്പിച്ച് നൽകി പണമടച്ചാൽ ഇവ രണ്ടും നൽകും
രണ്ടു ദിവസങ്ങൾക്കകം 30 ടൺ മാലിന്യം കൂടി കയറ്റി അയക്കും
- നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ
പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ടു പോകുന്നു