തൃശൂർ : കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലിരിക്കുന്നവരുടെ പരിശോധനാ ഫലം വൈകുന്നത് അവരിൽ മാനസിക സമ്മർദ്ദം കൂട്ടുന്നു. കൊവിഡ് രോഗം സംശയിക്കുന്നവർ, ലക്ഷണങ്ങളുള്ളവർ എന്നിവരുടെ പരിശോധനയ്ക്കാണ് അടിയന്തരപ്രാധാന്യം നൽകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രോഗികളുടെ എണ്ണം വർദ്ധിച്ചതും ലക്ഷണമില്ലാത്തവരുടെ പരിശോധന അടിയന്തരപ്രാധാന്യത്തോടെ കൈകാര്യം ചെയ്യാത്തതുമാണ് പ്രശ്നം. മുളങ്കുന്നത്ത്കാവ് കൊവിഡ് ടെസ്റ്റ് ലാബിൽ ദിവസം 350 ഓളം സ്രവപരിശോധനകളേ നടത്താനാകൂ. പക്ഷേ ലഭിക്കുന്നത് പലപ്പോഴും ആയിരത്തോളം പേരുടേതാണ്. അതിനാൽ ഇത്തരക്കാരുടെ പരിശോധനാ ഫലം ലഭിക്കാൻ ഒരാഴ്ച്ചയിലേറെ സമയം എടുക്കും. വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് വീട്ടിലാണ് ക്വാറന്റൈൻ നിർദ്ദേശിച്ചിരിക്കുന്നത്. പലരും ഒറ്റയ്ക്ക് താമസിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. ഇവർക്ക് പ്രത്യേക മുറിയും മറ്റും നൽകുന്നുണ്ടെങ്കിലും ഇവർ രോഗം പിടിപ്പെട്ടാൽ കുടുംബത്തിലെ മറ്റ് പലർക്കും പകരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. പരിശോധനാ ഫലം നേരത്തെ ലഭിച്ചാൽ സമ്പർക്കം കുറയ്ക്കാനാകുമെന്നും ഇവർ പറയുന്നു.
സാമൂഹിക വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിന്റെ ഭാഗമായി പല മേഖലകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. നിലവിൽ പൂൾ ടെസ്റ്റ്, ആന്റിജൻ ടെസ്റ്റ് എന്നിവയും നടക്കുന്നുണ്ട്. പൂൾ ടെസ്റ്റ് ഫലം ലഭിക്കാനാണ് കൂടുതൽ സമയം എടുക്കുന്നത്. ഇത്തരം ടെസ്റ്റുകൾക്ക് പുറമേ കൊവിഡ് സ്ഥിരീകരിച്ചവരുടെ സ്രവ പരിശോധന രണ്ടിലധികം തവണ നടത്തണം. ഇതോടെ കൃത്യസമയങ്ങളിൽ റിപ്പോർട്ട് നൽകാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.
മെഡിക്കൽ കോളേജിലെ ലാബ് സംവിധാനം
ദിവസവും എത്തുന്നത് 1000 ഓളം സാമ്പിളുകൾ
മൂന്ന് ഷിഫ്റ്റുകളിലായി പരിശോധന നടത്താനാകുക 350 എണ്ണം
സ്രവങ്ങൾ ശേഖരിക്കുന്നത്
ആശുപത്രികളിൽ കിടക്കുന്നവർക്ക് പുറമേ നിരീക്ഷണത്തിരിക്കുന്നവരുടെയും സമ്പർക്ക സാദ്ധ്യത ഉള്ള സ്ഥലങ്ങളിലും പൂൾ ടെസ്റ്റ് നടത്തുന്നുണ്ട്. താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ നിരീക്ഷണത്തിലിരിക്കുന്നവരെ എത്തിച്ചാണ് സ്രവം ശേഖരിക്കുന്നത്.
ആശങ്ക
ഓരോ ദിവസം ചെല്ലുന്തോറും രോഗികളുടെ എണ്ണം കൂടുന്നതും സമ്പർക്കം വർദ്ധിക്കുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത്തരം സാഹചര്യത്തിൽ പരിശോധനയ്ക്ക് കൂടുതൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
ഭക്ഷണം പോലുമില്ലെന്ന് ആക്ഷേപം
രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് കൃത്യമായി ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കൊരട്ടിയിലെ കൊവിഡ് കെയർ സെന്ററിൽ ദിവസവും മോശമായ ഭക്ഷണമാണ് നൽകുന്നതെന്ന പരാതിയുമായി അവിടെ കഴിയുന്നവർ രംഗത്തെത്തിയിട്ടുണ്ട്. അവിടത്തെ അവസ്ഥ വിവരിക്കുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് പ്രതിഷേധവും അറിയിക്കുന്നുണ്ട്.
............
കൊവിഡ് രോഗികൾ, ലക്ഷണങ്ങളുള്ളവർ, വീടുകളിലും മറ്റും നിരീക്ഷണത്തിലുള്ളവർ (പാലക്കാട് ജില്ലയിലെ ഉൾപ്പെടെ) എന്നിങ്ങനെ പ്രയോറിറ്റി അനുസരിച്ചാണ് രോഗ പരിശോധന നടത്തുന്നത്. പരിശോധിക്കാനെത്തുന്നവരുടെ എണ്ണവും വളരെയേറെ വർദ്ധിച്ചിട്ടുണ്ട്.
മുരളീധരൻ
ആർ.എം.ഒ മെഡിക്കൽ കോളേജ്