പുഴാതീരത്ത് ഓൺലൈൻ പഠനം, ആശങ്കയോടെ രക്ഷിതാക്കൾ
ചാലക്കുടി: ലോകം മുഴുവൻ ഓൺലൈൻ വിദ്യാഭ്യാസത്തിൽ പഠനം മുന്നേറുമ്പോൾ നെറ്റ്‌വർക്കും ഇന്റർനെറ്റും ഇല്ലാതെ കഷ്ടപ്പെടുകയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് കുറച്ച് അകലെയുള്ള വെറ്റിലപ്പാറ പതിനാല് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന വിദ്യാർത്ഥികൾ. നെറ്റ്‌വർക്ക് കൃത്യമായി ഇല്ലാത്തതിനാൽ വീടുകളിൽ ഇരുന്ന് മൊബൈൽ ഫോണിലോ, കമ്പ്യൂട്ടറിലോ ഇന്റർനെറ്റ് ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നില്ല.
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിന്നും അദ്ധ്യാപകർ അയക്കുന്ന സന്ദേശങ്ങൾ, വീഡിയോകൾ, നോട്ട്‌സുകൾ എന്നിവ വിദ്യാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാനോ കാണാനോ കഴിയുന്നില്ല. മൊബൈൽ നെറ്റ്‌വർക്ക് കുറച്ചെങ്കിലും ലഭിക്കുന്നത് പുഴയുടെ തീരത്താണ്. ഇവിടെ താമസിക്കുന്ന വീടുകളിലെ എല്ലാ വിദ്യാർത്ഥികളുടെയും ഓൺലൈൻ പഠനം ഇപ്പോൾ നടക്കുന്നത് പുഴയുടെ തീരത്തെ പാറക്കൂട്ടങ്ങളുടെ മുകളിലാണ്.
രാവിലെ മൊബൈൽ ഫോണും ഭക്ഷണവും വെള്ളവും പുസ്തകങ്ങളുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും പുഴയുടെ തീരത്തെ പാറക്കൂട്ടങ്ങളിലെത്തും. എന്നാൽ മഴ പെയ്താൽ പഠനം ഉപേക്ഷിക്കേണ്ടതായി വരും. കനത്ത കാലവർഷം വന്നാൽ വെള്ളം പുഴയുടെ തീരത്തെത്തുന്നതോടെ കുട്ടികൾ പഠിക്കുന്ന സ്ഥലം മുഴുവനും വെള്ളത്തിനടിയിലാകും. ഡാമുകൾ തുറന്ന് വിടുന്നത് എപ്പോഴാണെന്ന് അറിയില്ല എന്നതും അപകടമാകുമെന്ന് ആശങ്കയുണ്ട്.
മഴ കനത്താൽ ഓൺലൈൻ പഠനം സ്ഥിരമായി മുടങ്ങുകയും വിദ്യാർത്ഥികളുടെ ഭാവി തന്നെ അവതാളത്തിലാകുമെന്ന അവസ്ഥയും നിലനിൽക്കുന്നു. വെറ്റിലപ്പാറ 14 ഭാഗത്തെ വിദ്യാർത്ഥിക്ക് ഭയം ഇല്ലാതെ വീടുകളിൽ ഇരുന്ന് ഓൺലൈൻ വഴി പഠിക്കുന്നതിനുള്ള നെറ്റ്‌വർക്കും ഇന്റർനെറ്റും സർക്കാർ ദ്രുതഗതിയിൽ സാദ്ധ്യമാക്കണമെന്നതാണ് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.