chavakad

ചാവക്കാട്: ചാവക്കാട് കടലിൽ മൂന്ന് മത്സ്യത്തൊഴിലാളി യുവാക്കൾ മുങ്ങിമരിച്ച സംഭവത്തിൽ സർക്കാർ പക്ഷപാതിത്വം കാണിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. അപകടത്തിൽ മരിച്ച വിഷ്ണു, ജിഷ്ണു, ജഗനാഥ് എന്നിവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നാട്ടിൽ മൂന്ന് ചെറുപ്പക്കാർ മുങ്ങിമരിച്ചിട്ടും അവിടേക്ക് തിരിഞ്ഞു നോക്കാതിരുന്ന മന്ത്രി എ.സി മൊയ്തീൻ വിവേചനപരമായാണ് പെരുമാറിയത്. ഗുരുവായൂർ എം.എൽ.എ അബ്ദുൾ ഖാദറും എം.പി ടി.എൻ പ്രതാപനും ഈ വിഷയത്തിൽ നിരുത്തരവാദപരമായാണ് പെരുമാറിയത്.

രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഇടതുമുന്നണി നേതാക്കളുടെ ബാങ്ക് കടം വീട്ടാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കുന്ന സർക്കാർ പാവപ്പെട്ട യുവാക്കൾക്ക് നയാപൈസ അനുവദിച്ചിട്ടില്ല. മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപയും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകാൻ സർക്കാർ തയ്യാറാവണം. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാനായി തീരദേശ മേഖലയിൽ പ്രക്ഷോഭം തുടങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാപ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ, ബി.ജെ.പി ജില്ലാ സെക്രട്ടറി അനീഷ് മാസ്റ്റർ, ജില്ലാ ട്രഷറർ സുജയ്‌ സേനൻ, മണ്ഡലം പ്രസിഡന്റ് അനിൽ മൺചിറമ്പത്ത്, പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ്, മരണപ്പെട്ട മൂന്ന് ചെറുപ്പക്കാരുടേയും രക്ഷിതാക്കളും പങ്കെടുത്തു.