തൃശൂർ : കൊവിഡ് വ്യാപനമുണ്ടായാൽ മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കുന്നതിന് വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 19 കെട്ടിടങ്ങൾ ഏറ്റെടുത്തു. നേരത്തെ ഇത്തരം കിടക്കകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു. 5000ൽ അധികം ബെഡ്ഡുകൾ സജ്ജീകരിക്കാൻ സൗകര്യമുള്ള കെട്ടിടങ്ങളും ഇതിലുണ്ട്. നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതെ ചികിത്സാസൗകര്യം ഒരുക്കുന്നതിനാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സ്ഥാപിക്കുന്നത്. റിവേഴ്‌സ് ക്വാറന്റീൻ ഫെസിലിറ്റി കേന്ദ്രം ഒരുക്കുന്നതിനായി ചൂണ്ടൽ ഗാഗുൽത്താ ധ്യാനകേന്ദ്രം, ഗുരുവായൂർ എൽ.എഫ് കോളേജ്, വടക്കേക്കാട് ഐ.സി.എ സ്‌കൂൾ എന്നിവയും ഏറ്റെടുത്തു. വയോജനങ്ങളുടേയും അനുബന്ധ രോഗങ്ങൾ ഉള്ളവരുടേയും ചികിത്സാ സൗകര്യം ഉറപ്പു വരുത്തുന്നതിനാണ് റിവേഴ്‌സ് ക്വാറന്റീൻ ഫെസിലിറ്റി കേന്ദ്രങ്ങൾ.
ഏറ്റെടുത്ത കെട്ടിടങ്ങൾ, ഒരുക്കുന്ന ബെഡുകൾ
പോർക്കുളം പി.എസ്.എൻ ഡന്റൽ കോളേജ് 270
കടങ്ങോട് തേജസ് എൻജിനീയറിംഗ് കോളേജ് 160
കുന്നംകുളം മുനിസിപ്പൽ ടൗൺ ഹാൾ 60
വേലൂർ വിദ്യ എൻജിനീയറിംഗ് കോളേജ് 500
കടവല്ലൂർ അൻസാർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 500
മേലൂർ ഡിവൈൻ ധ്യാനകേന്ദ്രം 452
മേലൂർ ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്റ്റഡീസ് 110
ചാലക്കുടി വ്യാസ സ്‌കൂൾ 400
സെന്റ് ജെയിംസ് അക്കാഡമി 220
ഗുരുവായൂർ ശിക്ഷക് സദൻ 100
പുന്നയൂർ സിംഗപ്പൂർ പാലസ് 250
വടക്കേക്കാട് ടി.എം.കെ 200
ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസ് 300
പുത്തൂർ പിസി തോമസ് ഹോസ്റ്റൽ, ഇളംതുരുത്തി 500
മാടക്കത്തറ കാർഷിക സർവകലാശാലയുടെ ഊട്ടുപുരയും ഹോർട്ടികൾച്ചർ കോളേജിലെ റൂഫ് ടോപ്പും 250
തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് 800
എന്താണ് സി.എഫ്.എൽ. ടി.സി ?
തൃശൂർ: കൊവിഡ് വ്യാപനത്തെ നേരിടുന്നതിനായി തദ്ദേശസ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ. ഗുരുതര സ്വഭാവമില്ലാത്ത കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായാണ് ഇവ സ്ഥാപിക്കുന്നത്. നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിലാണ് ഇവ ഒരുക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളുടെയും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് സി.എഫ്.എൽ. ടി.സി യുടെ പ്രവർത്തന രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യവകുപ്പും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന്, വിദഗ്ധ സമിതി ശുപാർശയുടെ അടിസ്ഥാനത്തിലാണ് സി. എഫ്.എൽ. ടി.സി കൾക്കുള്ള കെട്ടിടം കണ്ടെത്തുന്നത്.