തൃശൂർ: മൂലശ്ലോകങ്ങൾ അർത്ഥത്തോടുകൂടി കേൾക്കാനും വായിക്കാനും കഴിയുന്ന ഭഗവത്ഗീത ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് തൃശൂർ കേച്ചേരി വിദ്യ എൻജിനിയറിംഗ് കോളേജിലെ എം.സി.എ വിഭാഗം. കഴിഞ്ഞ വർഷം രാമായണ പാരായണത്തിനായി ആപ്പ് പുറത്തിറക്കിയപ്പോൾ ലഭിച്ച ജനപിന്തുണയാണ് ഇത്തവണ പ്രചോദനമായത്. ഭഗവദ് ഗീത: ശ്രവണം, പഠനം എന്ന് പേര് നൽകിയിട്ടുള്ള ആപ്പിലുടെ ഗീതയിലെ കൂടാതെ പണ്ഡിറ്റ് പി ഗോപാലൻ നായർ തന്റെ ഗീതാവ്യാഖ്യാനത്തിൽ കൊടുത്തിട്ടുള്ള ഓരോ അദ്ധ്യായത്തിന്റെയും സംഗ്രഹവും വായിക്കാം. മൂലശ്ലോകങ്ങൾ ആലപിച്ചിരിക്കുന്നത് കന്നഡ ഭക്തിഗായകനായ വിദ്യഭൂഷണയാണ്. മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരി ആപ്പിന്റെ പ്രകാശനം നിർവഹിച്ചു. ശുകപുരത്തുള്ള കവിയുടെ വീട്ടിൽ വെച്ചാണ് കൊവിഡ് മാനദണ്ഡം അനുസരിച്ച് പ്രകാശനം നടത്തിയത്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമമാണ് ആപ്പ് യാഥാർഥ്യമാക്കിയത്. ആൻഡ്രോയിഡ് ഫോണുകളിലെ പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണ്.