പാവറട്ടി: സ്വന്തം നോവലിൽ പ്രധാന സംഭവങ്ങൾ കഥ പറയുന്ന എളവള്ളി ചേലൂർകുന്ന് അയ്യപ്പക്ഷേത്രത്തിന്റെ മുൻവശത്തുള്ള ആൽമരതണലിൽ വച്ചു തന്നെ ഷിനോദ് എളവള്ളിയുടെ പുസ്തക പ്രകാശനം. വാർക്കപ്പണി തൊഴിലായി സാഹിത്യരചന നടത്തുന്ന ഷിനോദിനെ കുറിച്ച് കേരളകൗമുദി വാർത്ത ചെയ്തിരുന്നു. ഷിനോദിന്റെ മൂന്നാമത്തെ പുസ്തകമായ 'കനൽ വഴിയിലെ നിഴൽ മരങ്ങൾ' എന്ന നോവലിന്റെ പ്രകാശനം എളവള്ളി ഗ്രാമീണ വായനശാല ഒരുക്കിയ ലളിതമായ ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. സി.എൽ. ജോഷി, കവിയും നിരൂപകനുമായ പ്രസാദ് കാക്കശ്ശേരിക്ക് നൽകി നിർവ്വഹിച്ചു.
ചാവക്കാട് താലൂക്ക് ഗ്രന്ഥശാല സംഘം വൈസ് പ്രസിഡന്റ് ടി.എൻ. ലെനിൻ അദ്ധ്യക്ഷനായി. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക ഉദ്ഘാടനം ചെയ്തു. ചുമർചിത്ര കലാകാരൻ എം. നളിൻ ബാബു പുസ്തകം പരിചയപ്പെടുത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഡി. സുനിൽ, സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, കെ.ആർ. പ്രേമൻ, ശ്രീലജ ഹരിദാസ്, പ്രസാദ് പണിക്കൻ, പി.യു. രജ്ഞിത്ത്, ഷിനോദ് എളവള്ളി എന്നിവർ സംസാരിച്ചു.