ചാലക്കുടി: ചാലക്കുടിയിൽ ഞായറാഴ്ച നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ നഗരസഭാ പരിധിയിലെ പോട്ടയിലും മറ്റ് മൂന്നുപേർ കോടശേരി പഞ്ചായത്തിലുമാണ്. ദുബായിൽ നിന്നെത്തി വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ പോട്ട സ്വദേശിക്ക് സമ്പർക്കമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കോടശേരി പഞ്ചായത്തിലെ എലിഞ്ഞിപ്ര കോണിക്കപ്പാടം റോഡിലെ അമ്പതുകാരനും ദുബായിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇയാളുടെ നിരീക്ഷണ ദിവസങ്ങളും ഭദ്രമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. എന്നാൽ പഞ്ചായത്തിലെ മണലായിയിൽ അച്ഛനും മകൾക്കും സമ്പർക്കത്തിൽ വൈറസ് ബാധയുണ്ടായത് ആശങ്കാജനകമായി.
നിർമ്മാണ ജോലി ചെയ്യുന്ന നാൽപതുകാരനും അഞ്ചു വയസുള്ള മകൾക്കുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ഇരിങ്ങാലക്കുട സ്വദേശിനിയായ ഭാര്യക്കായിരുന്നു ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. യുവാവിന്റെ മാതാ പിതാക്കൾ, മറ്റൊരു കുട്ടി എന്നിവരുടെ പരിശോധനാ ഫലം ഇനിയും എത്താനുണ്ട്. ഇതിനിടെ യുവാവിന് മണലായി പ്രദേശത്ത് പലയിടത്തും സമ്പർക്കമുണ്ടായെന്നാണ് പ്രാഥമിക വിവരം.
പുരുഷ ഗണം, പലചരക്ക് കടകൾ, ജോലി സ്ഥലം എന്നിവിടങ്ങളിൽ എത്തി. സുഹൃത്തുക്കളുമായി സവാരിയും നടത്തി. ഇതോടെ സമ്പർക്കപട്ടിക തയ്യാറാക്കൽ കീറാമുട്ടിയായി. മണലായിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് കോടശേരി പഞ്ചായത്ത് അധികൃതരുടെ തീരുമാനം.