kadalkshobham
വീടുകളിലേക്ക് വെള്ളം ഇരച്ചു കയറിയപ്പോൾ

ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ വീണ്ടും കടൽക്ഷോഭം. രാവിലെ മുതൽ ശക്തമായ തിരകളടിച്ച് വെള്ളം വീടുകളിലേക്ക് കയറി. നാൽപ്പതോളം വീടുകളിൽ വെള്ളം കയറി. മുനയ്ക്കക്കടവ് റഹ്മാനിയ മസ്ജിദിനടുത്താണ് കടൽക്ഷോഭം രൂക്ഷമായത്. ഇവിടെയുള്ള വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി.

ആശുപത്രിപ്പടി, അഞ്ചങ്ങാടിവളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനയ്ക്കക്കടവ് എന്നിവിടങ്ങളിലും കടൽക്ഷോഭം ഉണ്ടായി. കടൽ ഭിത്തിയില്ലാത്ത ഭാഗങ്ങളിലൂടെ വെള്ളം അടിച്ചു കയറി. പ്രധാന റോഡായ കോർണിഷ് റോഡും കവിഞ്ഞൊഴുകി.

കടൽക്ഷോഭത്തിന് താത്കാലിക പരിഹാരമായി ജിയോ ബാഗുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി, മെമ്പർമാരായ പി.എ. അഷ്‌കർ അലി, പി.എം. മനാഫ് എന്നിവർ സ്ഥലത്തെത്തി.