വടക്കാഞ്ചേരി: കൊവിഡ് കാലത്തെ തിരക്കിനിടയിലും തെരുവ് നായ്ക്കളുടെ അന്നം മുടക്കാതെ അവയെ പരിപാലിക്കുകയാണ് വനിതാ ഡോക്ടർ.അമ്പലപുരം രോഹിണിയിൽ കൊച്ചുമോൻ - മണി ദമ്പതികളുടെ മകളാണ് വേലൂർ കുടുബാരോഗ്യകേന്ദ്രത്തിലെ ഡോ. സ്മിത. കൊവിഡ് വ്യാപനം കൂടിയതോടെ ഇരിക്കാൻ പോലും സമയമില്ലാതെയുള്ള ഓട്ടത്തിനിടയിലും തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നതിൽ നിന്നും ഡോക്ടർ പിന്നോട്ടില്ല.

കാറിൽ നിന്നും ഇറങ്ങുന്ന ഡോക്ടറെ കണ്ടാൽ വാലാട്ടി നായ്ക്കൾ ചുറ്റും കൂടും. കൈയിൽ കരുതിയിട്ടുള്ള പൊതിയിൽ നിന്നും ഭക്ഷണമെടുത്ത് നായ്ക്കൾക്ക് നല്കും. തീറ്റകഴിഞ്ഞാൽ പുറത്തൊന്നു തലോടും, പിന്നെ യാത്ര പറയും. ലോക് ഡൗണിനു മുമ്പ് പല സ്ഥലങ്ങളിലും കറങ്ങിനടന്ന് നായ്ക്കൾക്ക് ഭക്ഷണം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കിട്ടുന്ന സമയത്തു മാത്രമേ ഭക്ഷണം നൽകാൻ കഴിയുന്നുള്ളു.

തെരുവ് നായ്ക്കളെ മാത്രമല്ല സ്വന്തം വീട്ടിലുമുണ്ട് എട്ടോളം നായ്ക്കൾ. ഇവയെ തീറ്റിപ്പോറ്റാൻ എങ്ങനെ സമയം കണ്ടെത്തുമെന്ന ചോദ്യത്തിന് ഡോക്ടറുടെ മറുപടിയിങ്ങനെ. മനുഷ്യനെ നോക്കാൻ ആരെങ്കിലുമൊക്കെയുണ്ടാകും. മിണ്ടാപ്രാണികളെ നമ്മൾ നോക്കിയില്ലെങ്കിൽ പിന്നെ ആര് നോക്കും. തെരുവ് നായ്ക്കളാണെങ്കിലും ഇതു വരെയും നായ്ക്കൾ തന്നെ കടിച്ചിട്ടില്ലെന്ന് ഡോക്ടർ പറയുന്നു.