തൃശൂർ : കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ഇൻക്വസ്റ്റ് തയ്യാറാക്കിയ പൊലീസുകാരിക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് അന്തിക്കാട് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം താളം തെറ്റിക്കും. അരിമ്പൂർ പരയ്ക്കാട് സ്വദേശിനിയായ വത്സലയുടെ ഇൻക്വസ്റ്റ് തയ്യാറാക്കിയ സംഭവത്തിൽ ഗുരുതരമായ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്.
വീട്ടിൽ കുഴഞ്ഞ് വീണ വത്സലയെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും എതാനും സമയത്തിനുള്ളിൽ മരിച്ചു. തുടർന്ന് നടത്തിയ ട്രൂനാറ്റ് ടെസ്റ്റിൽ നെഗറ്റീവായി കണ്ടതോടെയാണ് ഇൻക്വസ്റ്റ് തയ്യാറാക്കാൻ തീരുമാനിച്ചത്. പി.സി.ആർ ടെസ്റ്റ് നടത്തുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകിയത് വൻവീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പോസ്റ്റ്മോർട്ടത്തിനിടെ ഫൊറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ ശേഖരിച്ച സ്രവ പരിശോധനയിലാണ് വത്സലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇവർക്ക് രോഗം വന്നതിന്റെ ഉറവിടം പോലും കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. വത്സലയുടെ മരണത്തിന് ശേഷം അന്ന് സമ്പർക്കത്തിലേർപ്പെട്ട രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ഇവരും ഉണ്ടായിരുന്നു. തുടർന്ന് ഇവർ സ്റ്റേഷനിലെത്തി ജോലി ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ചതോടെയാണ് സ്‌റ്റേഷനിലെ എസ്.ഐ അടക്കമുള്ള മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിലിരിക്കേണ്ട സാഹചര്യം വന്നത്. സ്റ്റേഷൻ അണുവിമുക്തമാക്കിയ ശേഷം മറ്റ് സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടു വരാനാണ് നിർദ്ദേശം നൽകിയത്. വത്സലയുടെ മരണത്തെ തുടർന്ന് ഇവിടം കണ്ടയിൻമെന്റ് സോണാക്കിയിരുന്നു. ഇത് കഴിഞ്ഞ ദിവസം പിൻവലിച്ചു.
34 പൊലീസുകാർ ക്വാറന്റൈനിൽ
അന്തിക്കാട്: അന്തിക്കാട് സ്റ്റേഷനിലെ വനിതാ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ, എസ്.ഐ ഉൾപ്പെടെ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. 34 പേരാണ് ക്വാറന്റൈനിൽ പോയത്. അരിമ്പൂരിൽ മൂന്ന് ആഴ്ച മുമ്പ് കുഴഞ്ഞു വീണു മരിച്ച വയോധികയ്ക്ക് കൊവിഡ് പൊസിറ്റീവായതോടെ വീട്ടമ്മയുടെ ഇൻക്വസ്റ്റ് നടത്തിയ അന്തിക്കാട് സ്റ്റേഷനിലെ എസ്.ഐമാരിൽ ഒരാൾ, എ.എസ്.ഐ, വനിത പൊലിസ് ഓഫീസർ എന്നിവരുൾപ്പടെയുള്ളവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ വനിത പൊലീസുകാരിയുടെ ഫലമാണ് പൊസിറ്റീവായത്. തുടർന്ന് നാട്ടികയിൽ നിന്നെത്തിയ ഫയർഫോഴ്സ് അണു നശീകരണം നടത്തി. എസ്.എച്ച്.ഒ, എസ്.ഐ എന്നിവരുടെ താത്കാലിക ചുമതല സമീപ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ് പറഞ്ഞു.