മാള: ജോലി ഹിന്ദി അദ്ധ്യാപിക, പാടുന്നത് മുഴുവൻ വാമൊഴിയായി ലഭിച്ച നാടൻ പാട്ടുകൾ. സരിത കൈതോല എന്ന പേരിൽ അറിയപ്പെടുന്ന സരിത ടീച്ചറാണ് ഈ നാടൻ പാട്ടുകാരി. ഈ വർഷത്തെ ഫോക്‌ലോർ അക്കാഡമിയുടെ യുവ പ്രതിഭാ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത സരിത പത്ത് വർഷമായി പട്ടാമ്പി ചൂരക്കോട് വല്ലപ്പുഴ സർക്കാർ ഹൈസ്‌കൂളിലെ യു.പി വിഭാഗം അദ്ധ്യാപികയാണ്. ഹിന്ദി ബി എഡ് പാസായ സരിത 15 വർഷമായി യു.പി.വിഭാഗം അദ്ധ്യാപികയായിട്ട്. ഒഴിവു ദിനങ്ങളിലും രാത്രികളിലും നാടൻ പാട്ട് വേദികളിൽ സജീവം. ഈ വർഷം സരിതയ്‌ക്കൊപ്പം ഭർത്താവ് മാള മേലഡൂർ തൈവളപ്പിൽ സുരേഷ് കരിന്തലക്കൂട്ടത്തിനും ഫോക്‌ലോർ പുരസ്‌കാരം ലഭിച്ചു.
നാടൻ പാട്ട് വിഭാഗത്തിൽ സുരേഷിനും മുടിയാട്ടം വിഭാഗത്തിന് സരിതയ്ക്കും പുരസ്‌കാരം ലഭിച്ചത് അപൂർവ്വ നേട്ടമായി. ഓർമ്മവച്ച നാൾ മുതൽ നാടൻ കലകൾക്കൊപ്പം സഞ്ചരിച്ച ഇവർ നിഴൽ ചാർത്തുകൾ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സുഹൃത്തുക്കൾക്കൊപ്പം അഞ്ച് കവിതാ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. കോട്ടയത്ത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വിധികർത്താവായി എത്തിയ സുരേഷിനെ അന്ന് അദ്ധ്യാപക വിഭാഗം മത്സരാർത്ഥിയായ സരിത പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലും വിവാഹത്തിലുമെത്തുകയായിരുന്നു. 25 വർഷമായി പാരമ്പര്യം കൈമുതലാക്കി ജീവിതം നാടൻ കലകൾക്കായി സമർപ്പിച്ച സുരേഷ് എട്ട് വർഷമായി കൈതോല ഫോക് മീഡിയ എന്ന നാടൻ കലാവേദി നടത്തുന്നുണ്ട്. വടമ കരിന്തലക്കൂട്ടത്തിലെ കലാകാരനായിരുന്ന സുരേഷ് പിന്നീട് സ്വന്തമായി കൈതോല ഫോക്‌ലോർ മീഡിയ തുടങ്ങുകയായിരുന്നു. ഈ കലാവേദിയിൽ സരിതയും ഒപ്പമുണ്ട്. 2018ൽ കാവാലം രംഭാമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തുടികൊട്ടും മുടിയാട്ടവുമായി ബന്ധപ്പെട്ട തനത് വാമൊഴി പാട്ടുകൾ പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്.