തൃശൂർ : പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ഹൈന്ദവ വിശ്വാസികൾ വീടുകളിൽ ബലിതർപ്പണം നടത്തി പുണ്യം നേടി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പുണ്യസ്‌നാന ഘട്ടങ്ങളിലൊന്നും ഇത്തവണ ബലിതർപ്പണം നടന്നില്ല. ബലിതർപ്പണ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കുന്ന പലരും ഓൺലൈനായും വിശ്വാസികൾക്ക് നിർദേശം നൽകി. പിതൃപ്രീതി തേടി എല്ലാ വർഷവും ആയിരങ്ങളാണ് പുണ്യതീർത്ഥങ്ങളിൽ എത്താറുള്ളത്.

എന്നാൽ കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഈ പതിവ് ഒഴിവാക്കി അവർ സ്വന്തം വീടുകളിൽ പിതൃക്കൾക്ക് ബലിയർപ്പിച്ചു. എല്ലാ വർഷവും പതിനായിരങ്ങൾ പിതൃതർപ്പണത്തിന് എത്തിയിരുന്ന ജില്ലയിലെ എല്ലാ തീർത്ഥഘട്ടങ്ങളും ഇക്കുറി വിജനമായി. കഴിഞ്ഞ രണ്ട് വർഷത്തെ കർക്കടകത്തിലും പ്രളയം സംസ്ഥാനത്തെ സമൂഹബലി തർപ്പണ ചടങ്ങുകളെ ചെറിയ രീതിയിൽ ബാധിച്ചിരുന്നു. പുലർച്ചെ തന്നെ വിശ്വാസികൾ ബലിതർപ്പണം നടത്തി. ജില്ലയിൽ പ്രധാനമായി ആയിരക്കണക്കിന് പേരെത്തിച്ചേർന്നിരുന്ന കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, ആറാട്ടുപുഴ മന്ദാരം കടവ്, പൊങ്ങണംകാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം, ചാവക്കാട് പഞ്ചവടി, പാമ്പാടി ഐവർ മഠം, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, തൃപ്രയാർ ക്ഷേത്രം എന്നിവിടങ്ങളിലൊന്നും ആളുകളെത്തിയില്ല. കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പിതൃതർപ്പണ ചടങ്ങുകൾ നടത്തുന്നത് ബോർഡ് അധികൃതർ വിലക്കിയിരുന്നു.